മാസ്മരികത സമ്മാനിച്ച് ഇന്ത്യൻ ഓഷ്യൻ

Tuesday 07 February 2023 12:19 AM IST

തൃശൂർ: എല്ലാ അതിർവരമ്പുകളെയും മായ്ച്ച് സംഗീതത്തിന്റെ വിസ്മയ താളത്തിൽ നാടാകെ ഒന്നായി. നിലാവും നക്ഷത്രങ്ങളും ഇൻഡോർ സ്റ്റേഡിയത്തിന്റെ ആകാശത്ത് അണിനിരന്നു. ഇന്ത്യൻ ഫ്യൂഷൻ സംഗീതത്തിന്റെ കുലപതികളായ ഇന്ത്യൻ ഓഷ്യൻ മ്യൂസിക് ബാൻഡിന്റെ മാസ്മരിക അവതരണമാണ് പതിമൂന്നാമത് ഇറ്റ്‌ഫോക്കിന്റെ ആദ്യരാവിനെ താളാത്മകമാക്കിയത്. കബീർ സൂക്തങ്ങളും വിവിധ ഭാഷകളിലുള്ള ഗാനങ്ങളും നഗരിയെ ആവേശത്തിലാഴ്ത്തി. ചലച്ചിത്ര സംഗീതങ്ങളേക്കാൾ സംഗീതബാൻഡുകളുടെ ജനപ്രീതി താരതമ്യേന കുറവുള്ള ഒരു രാജ്യത്ത് 1990 കളിലാണ് ഇന്ത്യൻ ഓഷ്യൻ ഫ്യൂഷൻ റോക്ക് ബാൻഡിന് തുടക്കം കുറിക്കുന്നത്. ബന്ദേ, മാ രേവ തുടങ്ങിയവ സ്വതന്ത്രമായ റോക്ക് ഫ്യൂഷന്റെ അടിത്തറ പാകി. ഇന്ത്യൻ നാടോടി രാഗങ്ങളുടെയും ഇന്ത്യൻ ക്ലാസിക്കൽ രാഗങ്ങളുടെയും ആത്മാംശം വെസ്റ്റേൺ അൺസ്‌കേപ്പിലേക്ക് കൊണ്ടുവരാൻ ആദ്യം ശ്രമിച്ചത് ഇന്ത്യൻ ഓഷ്യൻ ബാന്റാണ്. ജാസ്, റോക്ക്, ഫ്യൂഷൻ സംഗീതത്തിന്റെ തരംഗങ്ങളെ കടലിനെയെന്ന പോലെ ആരാധകർ നെഞ്ചിലേറ്റി.

മലയാള നാടകവേദിക്ക് രംഗാവതരണത്തിന്റെ പുതിയ തലങ്ങൾ ഗ്രഹിക്കാൻ ഇറ്റ്‌ഫോക്കിലൂടെയായി. അന്തർദ്ദേശീയ നാടകങ്ങളുടെ പുതു ചലനം അറിയുന്നതോടൊപ്പം ഇറ്റ്‌ഫോക്ക് ഒരനുഭവം കൂടിയാണ്. ജനം കാണാൻ ആഗ്രഹിക്കുന്നത് സിനിമയാണെങ്കിലും സാമൂഹിക മാറ്റങ്ങൾക്ക് വഴി തെളിയിച്ചത് നാടകങ്ങളാണ്.

രാജേഷ് ശർമ്മ. നാടക/സിനിമ നടൻ