നിദ്ര‌യിൽ നിന്ന് നിത്യനിദ്ര‌യിൽ

Tuesday 07 February 2023 1:44 AM IST

ഇസ്താംബുൾ: തുർക്കി പ്രവിശ്യയായ ഗാസിയൻടെപ്പിൽ സമയം ഇന്നലെ വെളുപ്പിന് 4.17. മഞ്ഞു വീണ് വിറങ്ങലിച്ച കാലാവസ്ഥയി​ൽ ഗാഢനിദ്രലായിരുന്ന എർദേം ശക്തമായ കുലുക്കത്തിൽ തെറിച്ചു വീണു. എന്താണ് സംഭവിച്ചതെന്ന് പിടികിട്ടാതെ ഫ്ലാറ്റിൽ നിന്ന് കുടംബത്തെയും കൂട്ടി താഴേയ്ക്കോടി.

ജീവനു വേണ്ടി പരക്കം പാഞ്ഞ ആ നിമിഷങ്ങൾ വിവരിക്കുമ്പോഴും എർദേം പരിഭ്രാന്തിയിൽ നിന്ന് മോചിതനായിരുന്നില്ല. എർദേമിന്റെ നാടിനെയാകെ ഭൂചലനം തുടച്ചുമാറ്റിയിരിക്കുന്നു. കൂറ്റൻ ഫ്ളാറ്റുകളുൾപ്പെടെ എല്ലാം തകർന്നടിഞ്ഞു.1500ലേറെപ്പേർ ഗാസിയൻടെപ്പിൽ മാത്രം ദുരന്തത്തിനിരയായി. ആയിരങ്ങൾ തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. സുഖനിദ്രയ്ക്കിടെ ഭൂമി ഒരുക്കിയ കൊടുംനാശം.

40 വയസിനിടയ്ക്ക് എനിക്ക് ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. ശക്തമായ കുലുക്കത്തിൽ കട്ടിലിൽ നിന്ന് വീണു. കെട്ടിടത്തിൽ നിന്ന് ഓടിയിറങ്ങിയ ഞാനും കുടുംബവും പാർക്ക് ചെയ്തിരുന്ന കാറുകളി​ലേക്ക് കയറിയിരുന്നു. കെട്ടിടം ഏത് നിമിഷവും തകർന്നു വീണേക്കാമെന്ന ഭയത്തിലായിരുന്നു ഞങ്ങൾ. ആ സമയം ഒരാൾ പോലും കെട്ടിടത്തിൽ ശേഷിക്കുന്നുണ്ടായിരുന്നില്ല.

നമുക്ക് ഒരുമി​ച്ച് മരി​ക്കാം

തെക്കൻ നഗരമായ അദാനയിൽ നിന്നുള്ള നിലുഫർ അസ്ലവും സമാനമായ അനുഭവമാണ് പങ്കുവച്ചത്. ''ഏതാണ്ട് ഒരു മിനിറ്റോളം ഞങ്ങൾ ആടിയുലയുകയായിരുന്നു. ഞാൻ കുടുംബാംഗങ്ങളോട് പറഞ്ഞു. ഇത് ഭൂമി കുലുക്കമാണ്. നമുക്ക് ഒരുമിച്ച് മരിക്കാം. അത് മാത്രമാണ് അപ്പോൾ എന്റെ മനസിൽ തോന്നിയത്. കുലുക്കം നിലച്ചതോടെ ഞങ്ങൾ പുറത്തേക്ക് ഓടിയിറങ്ങി. ഒന്നും കൈയിലെടുക്കാൻ നിന്നില്ല. പുറത്തെത്തി നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് നാലുചുറ്റും നിലംപൊത്തിയ കെട്ടിടങ്ങളും ആർത്തനാദവും.

ഭൂമികുലക്കത്തിൽ തകർന്നു വീണ കെട്ടിടത്തിനടുത്തേക്ക് ഞങ്ങൾ ചെന്നു. എങ്ങും അലർച്ചകളും രക്ഷിക്കണേയെന്നുള്ള നിലവിളികളും മാത്രം. ഞാൻ സുഹൃത്തുക്കളോടാെപ്പം പാറക്കഷണങ്ങൾ പെറുക്കി മാറ്റാൻ തുടങ്ങി. കുടുങ്ങിക്കിടന്നവരെ കണ്ടെത്തി തുടങ്ങിയപ്പോഴേക്കും രക്ഷാസേനയെത്തി.

ദുരന്തത്തെ തുടർന്ന് അലപ്പോ നഗരത്തിൽ കാണാനുണ്ടായിരുന്നത് മൃതദേഹങ്ങളും പരിക്കേറ്റവരെയും മാത്രമായിരുന്നുവെന്ന് ഹെൽത്ത് ഡയറക്ടർ സിയാദ് ഹേജ് താഹ പറഞ്ഞു.

തുടരെയുണ്ടായ പ്രകമ്പനവും കടുത്ത തണുപ്പും സ്ഥിതി വഷളാക്കിയെന്ന് മലാത്ത്യയിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരി പറഞ്ഞു ''കടുത്ത തണുപ്പുണ്ടായിരുന്നു. ഒപ്പം മഞ്ഞും പെയ്യുന്നുണ്ടായിരുന്നു. ആളുകളെല്ലാം തെരുവിലിറങ്ങി നിസഹായരായി നിൽക്കുന്നു. എന്ത് ചെയ്യണമെന്ന് ആർക്കും ഒരു ധാരണയുമില്ലാത്ത അവസ്ഥ.''

''തുർക്കി​യുടെയും സി​റി​യയുടെയും നഗരങ്ങളിലും ഗ്രാമങ്ങളി​ലും നി​രവധി​ കെട്ടി​ടങ്ങളാണ് ഭൂകമ്പത്തി​ൽ തകർന്ന് വീണത്. ഞങ്ങളെ സഹായി​ക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാവണം. ഞങ്ങളുടെ ജനങ്ങളെ രക്ഷി​ക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു."" രക്ഷാദൗത്യ സംഘത്തി​ലെ ഒരാൾ പറഞ്ഞു.