തുർക്കി ഭൂകമ്പത്തിന്റെ പ്രകമ്പനം 5000 കിലോ മീറ്റർ അകലെ ഗ്രീൻലൻഡിലും
Tuesday 07 February 2023 1:44 AM IST
ഇസ്താംബുൾ : തുർക്കി ഭൂകമ്പത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളിൽ മാത്രമല്ല അയ്യായിരത്തിലേറെ കിലോമീറ്റർ അകലെയുള്ള ഗ്രീൻലൻഡിലും അനുവഭപ്പെട്ടു. തുർക്കിയിലുണ്ടാകുന്ന ഭീമൻ ഭൂകമ്പങ്ങൾ ഡെൻമാർക്കിലെയും ഗ്രീൻലൻഡിലെയും സീസ്മോഗ്രാഫുകളിൽ രേഖപ്പെടുത്താറുണ്ടെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഡെൻമാർക്ക് ആൻഡ് ഗ്രീൻലൻഡ് അറിയിച്ചു.
തുർക്കിയിൽ ആദ്യ ഭൂചലനമുണ്ടായി അഞ്ച് മിനിറ്റിന് ശേഷം തരംഗങ്ങൾ ഡാനിഷ് ദ്വീപായ ബോൺഹോമിലെ സീസ്മോഗ്രാഫിലെത്തി. എട്ട് മിനിറ്റിന് ശേഷമാണ് പ്രകമ്പനം ഗ്രീൻലൻഡിന്റെ കിഴക്കൻ തീരത്തെത്തിയത്. അതേ സമയം, ഭൂകമ്പത്തിന് പിന്നാലെ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ ഇറ്റാലിയൻ ഭരണകൂടം സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. സിസിലി, കലാബ്രിയ, അപ്യൂലിയ എന്നീ തെക്കൻ മേഖലകളിൽ ട്രെയിൻ ഗതാഗതം അല്പനേരത്തേക്ക് നിറുത്തി വച്ചിരുന്നു.