രക്ഷാപ്രവർത്തനത്തിന് തടസമായി മഞ്ഞ്, മഴ

Tuesday 07 February 2023 2:02 AM IST

ഇസ്താംബുൾ : തുർക്കിയിലും സിറിയയിലും ഭൂകമ്പ രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി മോശം കാലാവസ്ഥയും. കടുത്ത ശൈത്യകാലാവസ്ഥയും മഴയും കെട്ടിടങ്ങൾക്കിടെയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുന്നുണ്ട്. വിന്റർ ജാക്കറ്റുകൾ ധരിച്ചും മുഖം മറച്ചും മഞ്ഞിനെ അവഗണിച്ച് വോളന്റിയർമാർ തെരച്ചിൽ നടത്തുന്ന കാഴ്ചയാണ് തുർക്കിയിലെ തെക്ക് കിഴക്കൻ നഗരമായ ദിയാർബാകിറിൽ. ഇതിനിടെ നടുക്കുന്ന കരച്ചിലുകൾ ശോകമായ അന്തരീക്ഷത്തെ ഇരുണ്ടതാക്കി. കിടപ്പാടം നഷ്ടമായി തെരുവിൽ പകച്ച് നിന്ന പലർക്കും പള്ളികളിലും മറ്റും അഭയം നൽകുന്നുണ്ട്. എന്നാൽ തുടർ ചലനമുണ്ടാകുമോ എന്ന ഭീതിയിലാണ് ഇവിടെയുള്ളവരും. കെട്ടിടങ്ങളിൽ അഭയം തേടാൻ ഭയമുള്ളവർ റോഡുകളിൽ കാറുകളിലും മറ്റും പ്രാർത്ഥനകളോടെ ഇരിക്കുന്ന ദയനീയ കാഴ്ചയും തെരുവുകളിൽ നിറഞ്ഞു.