ഭൂകമ്പ ദുരന്തം; സിറിയയിൽ ഓരോ 10 മിനിറ്റിലും ഒരു മൃതദേഹം
Tuesday 07 February 2023 2:03 AM IST
ഇസ്താംബുൾ : കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ഓരോ പത്ത് മിനിറ്റിലും ഒരു മൃതദേഹം വീതം ലഭിക്കുന്നുണ്ടെന്ന നടുക്കുന്ന വാർത്തയാണ് വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഹാരെമിൽ നിന്ന് ലഭിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കൃത്യമല്ല. ഇതിനിടെ ഒരു കൈക്കുഞ്ഞിനെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് ജീവനോടെ പുറത്തെടുക്കാനായത് ആശ്വാസമായി.
അതേ സമയം, സിറിയൻ ആശുപത്രികളിൽ മരുന്നിനും രക്തത്തിനും രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. ആശുപത്രികളുടെ വരാന്തകൾ പരിക്കേറ്റവരാൽ നിറഞ്ഞു കഴിഞ്ഞതോടെ രക്ഷാപ്രവർത്തകർ പുറത്തും അടിയന്തര ചികിത്സകൾ നൽകുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളെ സഹായിക്കണമെന്ന് സിറിയയിലെ വിമത മേഖലയിലെ രക്ഷാപ്രവർത്തക സംഘടനയായ വൈറ്റ് ഹെൽമറ്റ്‌സ് അഭ്യർത്ഥിച്ചു.