ചരിത്രമുറങ്ങുന്ന ഗാസിയാൻടെപ് കാസിലും വീണു
2000 വർഷം പഴക്കം
ഇസ്താംബുൾ: തുർക്കിയിലെ ഗാസിയാൻടെപ് നഗരത്തിൽ 2,000 വർഷമായി തലയെടുപ്പോടെ നിന്ന ചരിത്ര പ്രസിദ്ധമായ ഗാസിയാൻടെപ് കാസിലും ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. ഹിറ്റൈറ്റ്സ് സാമ്രാജ്യ നിർമ്മിതിയായ ഈ കോട്ടയ്ക്ക് ദുരന്തത്തിൽ ഗുരുതരമായ നാശനഷ്ടമുണ്ടായെന്ന് തുർക്കി അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ തുർക്കിയിലെ കുന്നിൻ മുകളിലുള്ള ഗാസിയാൻടെപ് കാസിലിലേക്ക് വർഷം പതിനായിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
കോട്ടയുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലാണ് കാര്യമായ നാശം സംഭവിച്ചിരിക്കുന്നത്. കോട്ടയുടെ അവശിഷ്ടങ്ങൾ താഴെയുള്ള റോഡിലേക്കും ചുറ്റുമുള്ള ഇരുമ്പഴികൾ നടപ്പാതകളിലേക്കും ചിതറിത്തെറിച്ചു. സംരക്ഷണ ഭിത്തിയും തകർന്നു. ഭിത്തികളിൽ വിള്ളലുകളുണ്ട്. അതേ സമയം, 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കോട്ടയ്ക്കടുത്തുള്ള സിർവാനി പള്ളിയുടെ കിഴക്കൻ മതിലും താഴികക്കുടവും ഭാഗികമായി തകർന്നു.
കാവൽ ഗോപുരമായി നിർമ്മിക്കപ്പെട്ട ഗാസിയാൻടെപ് കാസിലിനെ സി.ഇ രണ്ടാം നൂറ്റാണ്ടിൽ റോമൻ സാമാജ്ര്യമാണ് കോട്ടയായി വികസിപ്പിച്ചത്. അന്ന് മുതൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ കോട്ടയിൽ നടത്തിയിട്ടുണ്ട്. സി.ഇ 527- 565 കാലയളവിൽ ജീവിച്ചിരുന്ന ബൈസാന്റൈൻ ചക്രവർത്തിയായ ജസ്റ്റിനിയന്റെ കാലത്താണ് കോട്ട ഇന്ന് കാണുന്ന നിലയിലെത്തിയത്.