കൈകോർത്ത് ലോകം
ഇസ്താംബുൾ: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി ലോകരാജ്യങ്ങൾ രംഗത്തെത്തി. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, നാറ്റോ ജനറൽ സെക്രട്ടറി ജെൻസ് സ്റ്റോൽറ്റൻബർഗ് തുടങ്ങിയവർ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും സഹായ വാഗ്ദ്ധാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി സാദ്ധ്യമായ എല്ലാ സഹായങ്ങളും തുർക്കിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. അസർബൈജാൻ 370 വിദഗ്ദ്ധർ അടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ തുർക്കിയിലേക്ക് അയച്ചു.
സഹായവുമായി നെതന്യാഹു
സിറിയയിൽ നിന്ന് ലഭിച്ച അഭ്യർത്ഥന പരിഗണിച്ച് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഉത്തരവിട്ടു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലായിരുന്നു. നിരവധി യുദ്ധങ്ങളും ഇരുരാജ്യങ്ങളും തമ്മിൽ നടന്നിട്ടുണ്ട്. ഇസ്രയേലിനെ സിറിയൻ ഭരണകൂടം അംഗീകരിച്ചിരുന്നില്ല. ഒരു നയതന്ത്ര ഉറവിടത്തിൽ നിന്നാണ് അഭ്യർത്ഥന ലഭിച്ചതെന്ന് വ്യക്തമാക്കിയ നെതന്യാഹു ഉറവിടം വെളിപ്പെടുത്തിയില്ല. തുർക്കിയിലേക്കും സഹായമെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്രയേലിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം ഇന്നലെ തന്നെ തുർക്കിയിലേക്ക് പുറപ്പെട്ടു. മാനുഷിക സഹായങ്ങൾ ഇന്നെത്തും.
സഹായവുമായി പുട്ടിനും
സിറിയയ്ക്കും തുർക്കിയ്ക്കും അടിയന്തര സഹായങ്ങൾ എത്തിക്കാൻ ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. 100 വിദഗ്ദ്ധർ അടക്കമുള്ള രക്ഷാപ്രവർത്തക ടീമും സഹായങ്ങളുമായി റഷ്യയുടെ രണ്ട് ഇല്യൂഷിൻ II - 76 വിമാനങ്ങൾ തുർക്കിയിൽ ഉടനെത്തും. സിറിയയുമായും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായും പുട്ടിന് സഹകരണമുണ്ട്. യുക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നാറ്റോ അംഗമായ തുർക്കി മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. യുക്രെയിനിൽ നിന്ന് ധാന്യക്കയറ്റുമതിക്ക് റഷ്യയുമായി സമവായമുണ്ടാക്കാൻ മുൻകൈ എടുത്തത് തുർക്കിയാണ്. ഇരുരാജ്യങ്ങളിലേക്കും പുട്ടിൻ അനുശോചന സന്ദേശവും അയച്ചു.