പ്രവാസിയായ മകന്റെ സമ്പാദ്യമുൾപ്പടെ 86 ലക്ഷം രൂപ വീട്ടമ്മ അജ്ഞാതനായ ഫേസ്ബുക്ക് സുഹൃത്തിന് നൽകി, അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സുഹൃത്ത് മുങ്ങി

Tuesday 07 February 2023 11:27 AM IST

മുംബയ് : ഫേസ്ബുക്കിൽ അഞ്ച് വർഷം മുൻപ് പരിചയപ്പെട്ട അജ്ഞാതൻ വീട്ടമ്മയുടെ 86 ലക്ഷം തട്ടി കടന്നു. മികച്ച വരുമാനം വാഗ്ദാനം ചെയ്താണ് അജ്ഞാതൻ വീട്ടമ്മയെ കബളിപ്പിച്ചത്. ആഭരണങ്ങൾ ഉൾപ്പടെ വിറ്റാണ് വീട്ടമ്മ പണം നൽകിയത്. 2017ലാണ് മുംബയ് സ്വദേശിനിയായ 50 വയസുള്ള വീട്ടമ്മ വിദേശി എന്ന് അവകാശപ്പെടുന്ന യുവാവുമായി ഫേസ്ബുക്കിൽ ബന്ധം സ്ഥാപിച്ചത്. പാട്രിക് ജോർജ്ജ് എന്ന പേരിലായിരുന്നു ഇയാൾ റിക്വസ്റ്റയച്ചത്. താനൊരു നിക്ഷേപകനാണെന്നും, വരുമാനം വർദ്ധിപ്പിക്കാൻ നിരവധി മാർഗങ്ങൾ അറിയാമെന്നും ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു.

മകന് നല്ലൊരു ഭാവിയുണ്ടാവാൻ നിക്ഷേപത്തെ കുറിച്ച് ചിന്തിച്ച വീട്ടമ്മ, ഇയാൾ പറഞ്ഞ രീതിയിൽ പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട് ഇല്ലെന്ന് പാട്രിക് ജോർജിനോട് പറഞ്ഞു. തുടർന്ന് തന്റെ അക്കൗണ്ട് വീട്ടമ്മയ്ക്ക് കൂടി നൽകാമെന്ന് 'വിശാല മനസ്‌കനായ' യുവാവ് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. സുഹൃത്ത് നൽകിയ ബാങ്ക് അക്കൗണ്ട് നമ്പരുകളിൽ 2017 നും 2022 നും ഇടയിൽ 55 ഇടപാടുകളിലായി 86 ലക്ഷം രൂപ വീട്ടമ്മ അയച്ചു. എന്നാൽ അടുത്തിടെ അജ്ഞാതൻ വീട്ടമ്മയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മ പണം അയച്ചത് ഇന്ത്യയുടെ വടക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വീട്ടമ്മയുടെ മകൻ വിദേശത്ത് വിമാനക്കമ്പനിയിൽ ജോലി ചെയ്യുകയാണ്. മകൻ തിരികെ എത്തി അമ്മയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഇടപാടുകളെ കുറിച്ച് അറിയുന്നത്. തുടർന്ന് പണം തിരികെ ആവശ്യപ്പെടാൻ മകൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് വീട്ടമ്മയുടെ സുഹൃത്ത് മുങ്ങിയത്.