ആറ് മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ ശോഭയ്‌ക്കും പ്രവാസി പെൻഷൻ; ക്രമക്കേട് നടന്നത് തൊണ്ണൂറ്റിയൊൻപത് അക്കൗണ്ടുകളിൽ

Tuesday 07 February 2023 12:59 PM IST

തിരുവനന്തപുരം: പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയായ ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയിരുന്നതായി കണ്ടെത്തൽ. രണ്ട് വർഷമെങ്കിലും പ്രവാസിയായിരുന്നവർക്ക് മാത്രമേ പ്രവാസി ബോർഡ് പെൻഷന് അപേക്ഷിക്കാനാകുകയുള്ളൂ.

ആറ് മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ ഉപയോഗിച്ചാണ് ശോഭ പെൻഷൻ അക്കൗണ്ട് ആരംഭിച്ചത്. അക്കൗണ്ടുകൾ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

തൊണ്ണൂറ്റിയൊൻപത് അക്കൗണ്ടുകളിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ പല തിരുത്തലുകളും വരുത്തി ചിലരെ തിരുകിക്കയറ്റി പലിശയടക്കം അടച്ചെന്ന് കള്ളരേഖകളുണ്ടാക്കി പെൻഷൻ നൽകുകയായിരുന്നു.

കേസിൽ ശോഭയെക്കൂടാതെ മുൻ കരാർ ജീവനക്കാരി ലിനയും പിടിയിലായിട്ടുണ്ട്. തട്ടിപ്പ് നടത്തിയ വിവരം പുറംലോകമറിഞ്ഞതോടെ ലിന പതിനെട്ട് ലക്ഷം രൂപ ബോർഡിൽ തിരിച്ചടച്ചു. ഒരു കരാർ ജീവനക്കാരിയുടെ കൈവശം എങ്ങനെ ഇത്രയധികം തുക വന്നെന്ന കാര്യത്തിൽ വ്യക്തതയില്ല.