ബി ജെ പി കൊണ്ടുവന്ന ചീറ്റകൾ വളരുമ്പോൾ കോൺഗ്രസ് വോട്ടർമാരെ തിന്നുകയും വോട്ട് കുറയ്ക്കുകയും ചെയ്യും, ആശങ്കയോടെ  കോൺഗ്രസ് എം എൽ എ

Tuesday 07 February 2023 4:26 PM IST

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ കൊണ്ടുവന്നത് ബി ജെ പിയുടെ രാഷ്ട്രീയ നീക്കമാണെന്ന ആശങ്ക പങ്കുവച്ച് കോൺഗ്രസ് എം എൽ എ. ശിവപുരി ജില്ലയിലെ കരേര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രഗിലാൽ ജാതവാണ് കുനോയിൽ കൊണ്ടുവന്ന ചീറ്റപ്പുലികൾ കോൺഗ്രസ് വോട്ടർമാരെ തിന്നുമോ എന്ന് ആശങ്കപ്പെടുന്നത്.

സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിന്റെ പരിപാടിയുടെ ഒരുക്കങ്ങൾ നടത്താനെത്തിയതായിരുന്നു എം എൽ എ. പരിപാടിക്ക് തയ്യാറെടുക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുന്നതിനിടെയാണ് ജാതവ് ആശങ്ക പങ്കുവച്ചത്. 2020 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 30,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം എം എൽ എയായത്. സിറ്റിംഗ് എം എൽ എ ജസ്മന്ത് ജാതവ് ബിജെപിയിലേക്ക് മാറിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ചീറ്റപ്പുലികളെ കൊണ്ടുവരാൻ 117 കോടിയാണ് ബിജെപി ചെലവഴിച്ചതെന്നും, ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് കുനോ പാൽപൂർ ദേശീയ ഉദ്യാനത്തിലെ ചീറ്റകളെ കൊണ്ടുവന്നിട്ടുള്ളതെന്നും എം എൽ എ പറയുന്നു. ' ഈ മൃഗങ്ങൾ ഇപ്പോൾ ചെറുതാണ്. അവർ വളരുമ്പോൾ നമ്മുടെ ആളുകളെ തിന്നുകയും നമ്മുടെ വോട്ട് കുറയ്ക്കുകയും ചെയ്യും. അവർ ഈ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്,' ഈ ആശങ്ക പങ്കുവച്ച ശേഷം നേതാവ് കമൽനാഥിന്റെ പരിപാടിക്ക് നല്ല വസ്ത്രം ധരിച്ച് വരാനും അണികളോട് ആവശ്യപ്പെടുന്നുണ്ട്.