രാത്രി കാമുകിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ പിടികൂടി,മരത്തിൽ കെട്ടിയിട്ട് മർദിച്ചു; മൂത്രം കുടിപ്പിച്ചു
Tuesday 07 February 2023 4:44 PM IST
ജയ്പൂർ: കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പിടികൂടി ക്രൂരമായി മർദിച്ചു. മരത്തിൽ കെട്ടിയിട്ട് മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ജലോർ ജില്ലയിലാണ് സംഭവം.
സഞ്ചോറിലാണ് യുവാവ് താമസിക്കുന്നത്. യുവാവിന് ഗ്രാമത്തിലെ ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. ഞായറാഴ്ച രാത്രി കാമുകിയെ കാണാൻ വീട്ടിലെത്തുകയായിരുന്നു. ഇയാളെ കണ്ട ബന്ധുക്കളും അയൽക്കാരും പിടികൂടി മർദിച്ചു.വടി കൊണ്ടായിരുന്നു മർദനം. നിർബന്ധിച്ച് മൂത്രവും കുടിപ്പിച്ചു. യുവാവ് അബോധാവസ്ഥയിലാകുകയും ചെയ്‌തു.
വിവരമറിഞ്ഞ് യുവാവിന്റെ ബന്ധുക്കൾ സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടയിൽ ആരോ ഒരാൾ വീഡിയോയെടുക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.