അവയവദാനത്തിന് പ്രചോദനം പകർന്ന് വെടിക്കെട്ട്

Wednesday 08 February 2023 12:11 AM IST

ലീഡ്- സംവിധായക അരങ്ങേറ്റം വിജയിച്ച ആഹ്ളാദത്തിൽ വിഷ്ണുവും ബിബിനും പ്രേക്ഷകർ ഏറ്റെടുത്തതിനാൽ മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ് വെടിക്കെട്ട് . എന്നാൽ ചിത്രത്തെ ചിലർ മനഃപ്പൂ‌ർവ്വം താഴ്തിക്കെട്ടുന്നുണ്ടെങ്കിലും സാധാരണക്കാരായ പ്രേക്ഷക‌ർ കൈ നീട്ടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് എൻ. എം . ബാദുഷ. വെടിക്കെട്ടിന്റെ വിജയത്തോടനുബന്ധിച്ച് കേസരി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാദുഷ. താരങ്ങളും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും സംവിധായകരായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് വെടിക്കെട്ട്. ഗോകുലം മൂവീസ് , ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിച്ച വെടിക്കെട്ട് സമൂഹത്തിന് നന്മ പകരുന്നതിൽ സന്തോഷമുണ്ട് . എന്നാൽ സിനിമ പോലും കാണാതെ അവഹേളിക്കുന്നവരെ നിയമപരമായി നേരിടും. ഈ സിനിമ വിജയിപ്പിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്ന് ബിബിൻ ജോർജ് പറഞ്ഞു. ഇരുന്നൂറോളം പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാനും ഈ സംഘത്തിന് സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ബിബിൻ വ്യക്താക്കി. ബിബിനും വിഷ്ണുവുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെടിക്കെട്ട് സിനിമ ചർച്ച ചെയ്യുന്ന അവയവദാനത്തിന് ജനങ്ങൾ അർഹിക്കുന്ന പ്രാധാന്യം തന്നതിൽ സന്തോഷമുണ്ടെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. സിനിമ കണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. ഞാനും ബിബിനും അടക്കം ഇതിനായി മുന്നിട്ട് നിൽക്കുന്നു. അവയവദാനത്തിന് സന്നദ്ധത അറിയിച്ച 35 പേരുടെ പട്ടിക നിർമ്മാതാവ് ബാദുഷ ഡോ. നോബിളിന് കൈമാറി. വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് ബാദുഷ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, നായിക ഐശ്വര്യ അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം ,കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മനു തുടങ്ങിയവർ പങ്കെടുത്തു.