ഹജ്ജ് വിമാനമായി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇത് നേട്ടം

Tuesday 07 February 2023 9:06 PM IST

മട്ടന്നൂർ: ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടത് കണ്ണൂർ വിമാനത്താവളം വികസനത്തിൽ നിർണായകമായി. ഹജ്ജ് വിമാനമെത്തുന്നതോടെ കൂടുതൽ യാത്രക്കാരും വിമാന സർവീസുകളുമായി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടാനുള്ള അവസരമാണ് ഇതോടെ കണ്ണൂരിന് കൈവരുന്നത്.

മലബാർ മേഖലയിലുള്ള നൂറുകണക്കിന് ഹജ്ജ് തീർഥാടകർക്കും കണ്ണൂരിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രം സഹായകമാകും. രാജ്യത്തെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ പത്തിൽ നിന്ന് 25 ആക്കി വർദ്ധിപ്പിച്ചതോടെയാണ് കണ്ണൂർ പട്ടികയിൽ ഉൾപ്പെട്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും വ്യോമയാന മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ പട്ടികയിലാണ് കണ്ണൂരിന്റെ പേരുള്ളത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ തവണ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

കഴിഞ്ഞ നവംബറിലാണ് ജിദ്ദയിലേക്ക് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്. യാത്രക്കാർ കൂടുതലുള്ളതിനാൽ ആഴ്ചയിൽ രണ്ടു സർവീസുകളാക്കി വർധിപ്പിച്ചിരുന്നു. കൊവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിദേശ കമ്പനികളുടെ വൈഡ്‌ ബോഡി വിമാനങ്ങൾ ഉൾപ്പടെ കണ്ണൂരിൽ ഇറങ്ങിയിരുന്നു.

സൗകര്യങ്ങൾ ഏറെ

തീർത്ഥാടർക്കുള്ള പ്രാർത്ഥനാ മുറി, പ്രത്യേക ചെക്ക് ഇൻ കൗണ്ടറുകൾ, വിശ്രമമുറി എന്നിവ സജ്ജീകരിക്കാൻ കണ്ണൂർ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിൽ സൗകര്യമുണ്ട്. മൂന്നു മാസം മുമ്പ് കണ്ണൂരിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം ഇവിടെ പരിശോധന നടത്തിയിരുന്നു

കണ്ണൂരിൽ നിന്ന് അനുവദിക്കപ്പെട്ട യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ കിയാൽ അധികൃതർക്ക് ലഭ്യമാകും. ഇന്ത്യയും സൗദിയും തമ്മിലുള്ള കരാർ അനുസരിച്ചാണ് തീർത്ഥാടകരുടെ അലോട്ട്മെൻ്റ് അനുവദിക്കുക. വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് -കിയാൽ