മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കെ.സുരേന്ദ്രനെതിരായ  കുറ്റപത്രം കോടതി സ്വീകരിച്ചു

Tuesday 07 February 2023 9:34 PM IST
സുരേന്ദ്രൻ

കാസർകോട്; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറുപേരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസിന്റെ ഫയലുകളും രേഖകളും പരിശോധിച്ച് കൃത്യത വരുത്തിയ ശേഷം കഴിഞ്ഞ ദിവസം മജിസത്രേട്ടിന് കൈമാറി. 2023 ജനുവരി 10നാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ സതീഷ്‌കുമാർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. ഇതിൽ സുരേന്ദ്രൻ അടക്കം അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥിയായ കെ. സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കെ.സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. നാമനിർദേശപത്രിക പിൻവലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാർട്ട്‌ഫോണും സുരേന്ദ്രൻ നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണം.

2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ.സുന്ദരയുടെ സാന്നിദ്ധ്യമായിരുന്നു. 89 വോട്ടുകൾക്കാണ് സുരേന്ദ്രൻ തോറ്റ ആ തിരഞ്ഞെടുപ്പിൽ സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. 2021ൽ വീണ്ടും പത്രിക സമർപ്പിച്ചതിന് പിന്നാലെ സുന്ദര പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതായി വാർത്ത പുറത്തുവരികയായിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത സുന്ദര തന്നെ നിഷേധിച്ചു. ഇതിന് പിന്നാലെ മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശൻ പരാതിയുമായി പൊലീസിനെ സമീപിച്ചു. കേസെടുത്ത പൊലീസ് പിന്നീട് അന്വേഷണചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.