പരിയാരത്തിന് വേണം സൂപ്പർ ചികിത്സ- പരമ്പര 3: വരാന്ത നിറഞ്ഞ് കൂട്ടിരിപ്പുകാരും മരുന്നും
തളിപ്പറമ്പ് : പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെത്തുന്ന വിലയേറിയ വിവിധ തരം മരുന്നുകൾ സൂക്ഷിക്കുന്നതുപോലും അലക്ഷ്യമായാണ്. പ്രത്യേക ഊഷ്മാവിൽ നിൽക്കേണ്ട മരുന്നുകൾ പോലും വരാന്തയിലാണ് സൂക്ഷിച്ചിരിക്കുന്നത് . ഇരുപതു ലക്ഷം രൂപ ചിലവിട്ട് മരുന്നു സൂക്ഷിക്കാൻ കെട്ടിടം നവീകരിച്ചിട്ടും ഇതാണ് അവസ്ഥ. രോഗിയുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ സൗകര്യമില്ലാത്തതിനാൽ അവരും ആശുപത്രി വരാന്തയിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
മുൻഗണനാ റേഷൻ കാർഡ് വിഭാഗങ്ങളിൽ, എ.എ.വൈയിൽ ഉൾപ്പെടാത്തവർക്കു പരിയാരത്തു പൂർണമായി സൗജന്യ ചികിത്സ നൽകുന്നില്ലെന്ന് ആക്ഷേപമാണ് മറ്റൊന്ന്. മറ്റു സർക്കാർ മെഡിക്കൽ കോളജുകളിൽ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കു പൂർണമായി സൗജന്യ ചികിത്സ ലഭിക്കുമ്പോൾ ലാബ് പരിശോധനകൾക്കെല്ലാം എ.എ.വൈയിൽ ഉൾപ്പെടാത്ത ബി.പി.എൽ വിഭാഗക്കാർ പണം നൽകണം.
എന്ന് തീരും നവീകരണം കാൽ നൂറ്റാണ്ട് പഴക്കമുള്ള പരിയാരം മെഡിക്കൽ കോളജ് ആശുപത്രി നവീകരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ 40 കോടി അനുവദിച്ചിരുന്നു. ഒരു വർഷ മുൻപ് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പുറംഭാഗം പെയിന്റിംഗ് നടത്തി മോടിയാക്കുന്നുണ്ട്. റോഡ് ടാറിംഗും പൂർത്തിയാക്കി. എന്നാൽ ആശുപത്രിയിലെ ശുചിമുറി, വാർഡ് എന്നിവയുടെ നവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
ഹൃദയശസ്ത്രക്രിയയിൽ ഒന്നാമത്:
രണ്ട് കാത്ത് ലാബുകൾ തകരാറിൽ
സംസ്ഥാനത്ത് എറ്റവും കൂടുതൽ ഹൃദയശസ്ത്രക്രിയ നടത്തുന്ന പരിയാരം കാർഡിയോളജി വിഭാഗത്തിലെ മൂന്ന് കാത്ത് ലാബിൽ രണ്ടെണ്ണം തകരാറിലാണ്. എന്നാൽ ഇവ യഥാസമയം ശരിയാക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ല. അതിനാൽ ഹൃദയ ചികിത്സ പ്രതിസന്ധിയിലായി. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് കാത്ത് ലാബ് പ്രവർത്തന ക്ഷമമാക്കാൻ വൈകിപ്പിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
( തുടരും)