ഇന്ധന സെസ് വർദ്ധന സർക്കാർ പുനരാലോചിക്കണം; വില വർദ്ധനവിൽ ഇടതുമുന്നണിയിലെ അതൃപ്തി പരസ്യമാക്കി പി സി ചാക്കോ

Tuesday 07 February 2023 11:24 PM IST

കണ്ണൂർ: ഇന്ധന സെസ് വ‌ർദ്ധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് എൻസിപി അദ്ധ്യക്ഷൻ പി സി ചാക്കോ. ഇന്ധന വില വർദ്ധനവിൽ ഇടതു മുന്നണിയിൽ അതൃപ്തി നിലനിൽക്കേയാണ് എൻ സി പി സംസ്ഥാന പ്രസിഡന്‍റ് പി സി ചാക്കോയായുടെ പരസ്യ പ്രതികരണം. നടപടി പിൻവലിക്കാനായി ഇടതു മുന്നണി യോഗത്തിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന് ഇന്ധന വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണുള്ളതെന്നും എന്നാൽ തീരുമാനം പുനഃപരിശോധിക്കപ്പെടണമെന്നും പി സി ചാക്കോ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെയും കോൺഗ്രസിനെയും ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ പി സി ചാക്കോ വിമർശിക്കുകയുണ്ടായി. മോദി സർക്കാർ തുടർച്ചയായി ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ ഒന്നും ചെയ്യാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളക്കരത്തിനും ഇന്ധന സെസിലും വർദ്ധന വരുത്താനുള്ള തീരുമാനം എൽഡിഎഫ് സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാരിന്റെ ധാർഷ്ട്യം മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് രാഷ്ട്രീയ വിജയമാകുമെന്നതിനാലാണ് നടപടി പിൻവലിക്കാൻ പിണറായി വിജയൻ തയ്യാറാകാത്തതെന്നും ബിജെപി നേതാവ് ആരോപിച്ചു.

വെള്ളക്കരം വർദ്ധിപ്പിച്ച നടപടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. നാലിരട്ടിയോളം വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളെ പിഴിയാനാണ് തീരുമാനം. കുടിശ്ശിക പിരിച്ചെടുക്കാതെ ജനങ്ങളിലേയ്ക്ക് ഭാരം കയറ്റിവെയ്ക്കുന്ന മന്ത്രി പാവപ്പെട്ടവന്റെ മുഖത്തേയ്ക്ക് ചെളിവെള്ളം കോരിയൊഴിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.