രണ്ട് ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്തു
ആലപ്പുഴ: ഗൾഫ് ആസ്ഥാനമായ പ്രവാസിസംഘടന നിർദ്ധനർക്ക് നൽകുന്ന രണ്ട് ലക്ഷം രൂപ ധനസഹായം വാങ്ങിത്തരാമെന്ന അപരിചിതന്റെ വാഗ്ദാനത്തിൽ വീട്ടമ്മയ്ക്ക് ആറ് ഗ്രാം തൂക്കമുള്ള സ്വർണ്ണക്കമ്മലുകൾ നഷ്ടമായി. മണ്ണഞ്ചേരി ആപ്പൂര് വെളിയിൽ ഷെരീഫാ ഉമ്മറിനാണ് സ്വർണം നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30ന് ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. നഗരസഭയിൽ ക്ഷേമനിധി പെൻഷൻ സംബന്ധിച്ച ആവശ്യത്തിനെത്തി മടങ്ങുകയായിരുന്നു വീട്ടമ്മ. സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കവേയാണ് മാസ്ക്ക് ധരിച്ചെത്തിയ യുവാവ് പരിചിതനെന്ന മട്ടിൽ സംസാരിച്ചത്. ഷെരീഫയെയും അയൽവാസികളെയും ബന്ധുക്കളെയും അറിയുന്ന തരത്തിലായിരുന്നു സംസാരം. ഇതിനിടെയാണ് നിർദ്ധനർക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയുണ്ടെന്നും, അതിന് വേണ്ടി ആദ്യം എണ്ണായിരം രൂപ അടയ്ക്കണമെന്നും ഷെരീഫയെ പറഞ്ഞ് വിശ്വസിപ്പിച്ചു പണമായി നൽകാനില്ലെന്ന് പറഞ്ഞ് ആദ്യം പിൻമാറിയെങ്കിലും, തുടർന്ന് കാതിൽ കിടന്ന സ്വർണ്ണക്കമ്മൽ ഊരി നൽകി. കമ്മൽ പണയം വെച്ച ശേഷം ഇന്നലെ രാവിലെ 10 മണിക്ക് ബാക്കി നടപടികൾക്കായി സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിച്ചേരാമെന്നായിരുന്നു യുവാവിന്റെ വാഗ്ദാനം. ഇത് വിശ്വസിച്ച് ഇന്നലെ ബന്ധുവിനൊപ്പം സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയ ഷെരീഫ യുവാവിനെ കാണാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യന്റെ സഹായത്തോടെ ഷെരീഫ ഉമ്മർ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി.
നിരീക്ഷണം വേണം
പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പൊലീസുകാർ തിരിഞ്ഞുനോക്കാറില്ലെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ കുറ്റപ്പെടുത്തി. സ്ഥലത്ത് നിരീക്ഷ കാമറ സ്ഥാപിക്കണമെന്ന് വർഷങ്ങളായി നഗരസഭയോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ല. വല്ലപ്പോഴും വന്നുപോകുന്ന പിങ്ക് പൊലീസ് മാത്രമാണ് പ്രദേശത്ത് ആകെയുള്ള നിരീക്ഷണ സംവിധാനമെന്ന് ബസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.