ഒറ്റപ്പന ഇനി ഓർമ്മ

Wednesday 08 February 2023 1:41 AM IST
ഒറ്റപ്പന


ആലപ്പുഴ: നാടിന്റെ പേര് നാലാളെയറിയിച്ച 'ഒറ്റപ്പന' ഇനി ഓർമ്മ. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പൊളിച്ചടുക്കലിൽ തോട്ടപ്പള്ളിയിലെ ഒറ്റപ്പനയും പെട്ടുപോയി. കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിനു മുന്നിലുള്ള ഈ പനമരം പത്തു ദിവസത്തിനുള്ളിൽ മുറിച്ചുമാറ്റും.

പന മുറിച്ചു മാറ്റാൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബുധനൂർ അടിമറ്റത്ത് മഠത്തിൽ സുരഷ് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ദേശീയപാത വികസന വിഭാഗം ഉദ്യോഗസ്ഥരെത്തി പന മുറിക്കാൻ അനുമതി തേടി. ക്ഷേത്രത്തിലെ ഉത്സവം ഇന്നു തീരും. തുടർന്ന് പന മുറിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിന് മുന്നിൽ ദേശീയപാതയ്ക്ക് കിഴക്ക് ഭാഗത്തായി ഒന്നര നൂറ്റാണ്ട് മുമ്പ് തനിയെ കിളിർത്തതാണ് പന. ക്ഷേത്രത്തിന് മുന്നിലായതോടെ ഭക്തർ ഇവിടെ കാണിക്കയർപ്പിച്ചു തുടങ്ങി. ചന്ദനത്തിരിയും കത്തിച്ചു. ഇതോടെ, മുമ്പ് ചേന്നങ്കര ജംഗ്ഷൻ ആയിരുന്ന പ്രദേശം 'ഒറ്റപ്പന' എന്നറിയാൻ തുടങ്ങി. ആചാരവും വിശ്വാസവും നിറഞ്ഞ ഒറ്റപ്പന മുറിച്ചുമാറ്റുന്നതിൽ പ്രദേശവാസികൾ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥർ വിവരം ധരിപ്പിച്ചതോടെ നിലപാടിൽ അയവ് വന്നു. വിശ്വാസികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് ക്ഷേത്രോത്സവത്തിന് ശേഷം മുറിച്ചു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

കുരുട്ടൂർ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. ഉത്സവകാലത്ത് ഒറ്റപ്പനയുടെ ചുവട്ടിൽ ഗുരുതിയും മറ്റു പൂജകളും നടത്താറുണ്ട്. പതിവ് തെറ്റിക്കാതെ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും ഗുരുതി നടന്നു. അവകാശികളായ ആദിവാസി സമൂഹത്തിൽപ്പെട്ടവരെ പന മുറിക്കാൻ നിയോഗിക്കണമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ഒറ്റപ്പനയുടെ ചരിത്രമെഴുതിയ തോട്ടപ്പള്ളി സുഭാഷ് ബാബു പറഞ്ഞു.

Advertisement
Advertisement