ഇനി വാട്‌സാപ്പ് സ്‌റ്റാറ്റസുകൾ കാണാം നിങ്ങൾ ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് മാത്രം, കിടിലൻ ഫീച്ച‌ർ അപ്ഡേറ്റുകൾ പുറത്ത്

Wednesday 08 February 2023 12:00 AM IST

ഒരുകൂട്ടം കിടിലൻ ഫീച്ചർ അപ്ഡേറ്റുകൾ പുതുതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻസ്‌റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സാപ്പ്. ആപ്പിന്റെ ഏറ്റവും പ്രധാന ഫീച്ചറായ സ്‌റ്റാറ്റസ് അപ്‌ഡേഷനിലാണ് ഇത്തവണ ഈ പരിഷ്‌കാരങ്ങൾ. സ്റ്റാറ്റസിൽ വരുത്തിയ മാറ്റംകൊണ്ട് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഉപഭോക്താവിന് ഇനി കഴിയും.

പ്രൈവറ്റ് ഓഡിയൻസ് സെലക്‌ടർ ആണ് ഏറ്റവും പ്രധാന ഫീച്ചർ. നമ്മുടെ സ്‌റ്റാറ്റസ് നിശ്ചിത ആളുകളിലേക്ക് മാത്രം എത്തിക്കാനുളള ക്രമീകരണങ്ങൾ ഇതിലൂടെ സാദ്ധ്യമാകുന്നു. അങ്ങനെ ഫീച്ചർ ഇനി എല്ലാവരും കാണുമോ എന്ന ആശങ്ക വേണ്ട. എന്നാൽ നിങ്ങളുടെ മനസിലെ ആശയം സ്‌റ്റാറ്റസായി പങ്കിടുകയുമാകാം. ഇതിനായി തിരഞ്ഞെടുത്ത് സേവ് ചെയ്‌തവർക്ക് മാത്രമേ സ്‌റ്റാറ്റസ് ദൃശ്യമാകൂ.

മുപ്പത് സെക്കന്റ് സമയം ദൈർഘ്യം വരുന്ന വോയിസ് മെസേജ് സ്‌റ്റാറ്റസായി സേവ് ചെയ്യാവുന്ന ഓപ്‌ഷനാണ് അടുത്ത ഫീച്ചർ അപ്ഡേറ്റ്. എട്ടോളം ഇമോജികൾ ഉപയോഗിച്ച് സ്‌റ്റാറ്റസ് അപ്ഡേറ്റുകളോട് അതിവേഗം പ്രതികരിക്കാനും സാധിക്കും. ഫീച്ചർ ഇമോജി കഴിഞ്ഞ വർഷം ഗ്രൂപ്പുകളിലും സ്വകാര്യവുമായ ചാറ്റുകളിൽ തുടങ്ങിയിരുന്നു ഇവയിനി സ്‌റ്റാറ്റസിലും ലഭ്യമാക്കും. ടെക്‌സ്റ്റ് ആയോ ഇമോജി ആയോ വോയിസ് മെസേജ് ആയോ സ്റ്റിക്കറായോ എല്ലാം സ്‌റ്റാറ്റസിനോട് പ്രതികരിക്കാം.

സ്റ്റാറ്റസ് പ്രൊഫൈൽ റിംഗുകളാണ് മറ്റൊരു ഫീച്ചർ. ഒരാൾ പുതിയ സ്റ്റാറ്റസിട്ടാൽ അയാളുടെ പേരിന് ചുറ്റും ഒരു മോതിരാകൃതിയിൽ തിളങ്ങുന്നത് കാണാം. ഇത് ചാറ്റിലോ കോണ്ടാക്‌ട് പരിശോധിക്കുമ്പോഴോ കാണാം. വരുന്ന ആഴ്‌ചകളിൽത്തന്നെ ഈ ഫീച്ചറുകൾ ജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് കമ്പനി അറിയിക്കുന്നത്.

Advertisement
Advertisement