ബഡ്‌ജറ്റിലെ ഇന്ധന സെസ്: കോൺഗ്രസ് പ്രതിഷേധം, പിന്നാലെ കല്ലേറ്, ജലപീരങ്കി

Wednesday 08 February 2023 12:04 AM IST

കോട്ടയം: സംസ്ഥാന ബഡ്ജറ്റിലെ ഇന്ധന സെസിനെതിരെ ജില്ലയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിന് വഴിമാറി. കോട്ടയം സിവിൽ ​സ്റ്റേഷനിൽ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. ഡി.സി.സി പ്രസിഡ​ന്റ് നാട്ടകം സുരേഷിന് പരിക്കേറ്റു. പൊലീന്റേത് നരനായാട്ടാണെന്നാരോപിച്ച് നാട്ടകം സുരേഷും പ്രവർത്തകരും കളക്ടറേറ്റ് കവാടത്തിൽ കിടന്ന് പ്രതിഷേധിച്ചു.

രാവിലെ ​ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിച്ച മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രതിഷേധം മുന്നിൽക്കണ്ട് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. കളക്ട്രേറ്റ് കവാടം ബാരിക്കേഡ് കെട്ടിയടച്ചു. കവാടത്തിനു മുന്നിൽ നടന്ന പ്രതിഷേധധർണ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബഡ്ജറ്റ് ജനങ്ങൾക്ക് ഇരുട്ടടിയാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രീതി നഷ്ടപ്പെട്ടാലും നികുതി കുറയ്ക്കില്ലെന്നാണ് ധനമന്ത്രി പറയുന്നത്.

ഇത്രയും നാൾ കേന്ദ്രം നികുതി കൂട്ടി എന്ന് പറഞ്ഞിരുന്നവർ തന്നെ അത് നടപ്പിലാക്കി. ബഡ്ജറ്റിൽ 4000 കോടി പിരിച്ചെടുത്ത് 2000 കോടി രൂപ വിലക്കയറ്റം പിടിച്ചുനിറുത്താൻ മാറ്റിവയ്ക്കുന്നു എന്ന് പറയുന്ന സർക്കാർ, കഴിഞ്ഞവർഷം വിലക്കയറ്റം പിടിച്ചുനിറുത്താൻ സ്വരൂപിച്ച പണം എവിടെയെന്ന് വ്യക്തമാക്കണമെന്നും ഹസൻ പറഞ്ഞു. നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാ​സ്റ്റ്യൻ, ജോഷി ഫിലിപ്പ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

 യോഗത്തിന് ശേഷം സംഘർഷം

യോ​ഗത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ ഉയർത്താൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസിനു നേരെ പ്രവർത്തകർ കൊടികളും കല്ലും വലിച്ചെറിഞ്ഞു. പൊലീസ് തിരിച്ചു കല്ലെറിഞ്ഞപ്പോഴാണ് ത​ന്റെ തലയ്ക്ക് പരിക്കേറ്റതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.