തുർക്കിയിൽ രക്ഷാദൗത്യം തുടങ്ങി ഇന്ത്യ

Wednesday 08 February 2023 12:34 AM IST

ദുരന്ത നിവാരണ സേനയ്ക്കൊപ്പം മെഡിക്കൽ സംഘവും

​പാകിസ്ഥാൻ ആകാശപാത നിഷേധിച്ചു

​ ഇന്ത്യൻ വിമാനം റൂട്ട് മാറ്റി

ന്യൂഡൽഹി:ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിൽ ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയും കരസേനയുടെ മെഡിക്കൽ സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമായി. അതേസമയം, ഇന്ത്യൻ സംഘവുമായി തുർക്കിയിലേക്ക് പോയ വ്യോമസേനാ വിമാനത്തിന് പാകിസ്ഥാൻ ആകാശപാത നിഷേധിച്ചത് കൊടിയ മനുഷ്യദുരന്തത്തിലും ആ രാജ്യത്തെ അപഹാസ്യമാക്കി.

വ്യോമസേനയുടെ സി -17 ഗ്ളോബ്‌മാസ്റ്റർ ഹെർക്കുലീസ് വിമാനത്തിലാണ് വനിതകൾ ഉൾപ്പെടെ101അംഗങ്ങളുള്ള രണ്ട് ദുരന്ത നിവാരണ സേനാ യൂണിറ്റുകൾ ഇന്നലെ തുർക്കിയിലെത്തിയത്. കമാൻഡിംഗ് ഒാഫീസർ ഗുർമിന്ദർ സിംഗിന്റെ നേതൃത്വത്തിൽ ഗാസിയാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളാണ് പോയത്.

അവശിഷ്‌ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഴിവുള്ള നായകൾ, ആധുനിക ഡ്രില്ലിംഗ് യന്ത്രങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യവസ്‌തുക്കൾ, രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ചെറിയ വാഹനങ്ങൾ തുടങ്ങിയവയും കൊണ്ടുപോയി. തുർക്കി അധികൃതർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ഇവർ രക്ഷാപ്രവർത്തനം നടത്തും.

കരസേനയുടെ മെഡിക്കൽ സംഘവും ഒപ്പമുണ്ട്. 30 കിടക്കകൾ, എക‌്‌സ്‌റേ, വെന്റിലേറ്റർ, ഓക്‌സിജൻ സിലിണ്ടറുകൾ, കാർഡിയാക്‌ മോണിറ്ററുകൾ തുടങ്ങി ആശുപത്രി തയ്യാക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്‌ച ഡൽഹിയിൽ അടിയന്തര യോഗം ചേർന്നാണ് രക്ഷാ സേനയെ അയയ്‌ക്കാൻ തീരുമാനിച്ചത്.

പാകിസ്ഥാന് വിമർശനം

ഇന്നലെ പുലർച്ചെ മൂന്നിന് ഉത്തർപ്രദേശിലെ ഹിൻഡൻ വ്യോമത്താവളത്തിൽ നിന്നാണ് ദൗത്യസേനയും ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം പറന്നുയർന്നത്. പാകിസ്ഥാൻ ആകാശ പാത നിഷേധിച്ചതിനെ തുടർന്ന് വിമാനം വഴിമാറി സഞ്ചരിച്ചാണ് 10മണിയോടെ തുർക്കിയിലെ അദാന വിമാനത്താവളത്തിൽ എത്തിയത്.അന്താരാഷ്‌ട്ര രക്ഷാ, ജീവകാരുണ്യ ദൗത്യത്തിൽ നിന്ന് ഇന്ത്യയെ തടയാൻ പാകിസ്ഥാൻ ശ്രമിക്കുന്നത് രണ്ടാം തവണയാണ്. 2021-ൽ താലിബാൻ ഭരണം വന്ന ശേഷം അഫ്ഗാനിസ്ഥാനിലേക്ക്

50,000 ടൺ ഗോതമ്പും മരുന്നുകളുമായി പുറപ്പെട്ട വിമാനത്തിനും പാകിസ്ഥാൻ അനുമതി നിഷേധിച്ചിരുന്നു. സാധനങ്ങൾ വാഗാ അതിർത്തി വഴി പാക് ട്രക്കുകളിൽ കൊണ്ടുപോകണമെന്ന് പാകിസ്ഥാൻ ശഠിച്ചു. പിന്നീട് അസാധാരണ ജീവകാരുണ്യ ദൗത്യം എന്ന് വിശേഷിപ്പിച്ച് 50 ഇന്ത്യൻ ട്രക്കുകൾക്ക് പോകാൻ പാകിസ്ഥാൻ അനുമതി നൽകുകയായിരുന്നു.

നന്ദി പറഞ്ഞ് തുർക്കി

ഇന്ത്യയുടെ സഹായത്തിന് തുർക്കി അംബാസഡർ ഫിരത് സുനൽ നന്ദി പറഞ്ഞു. ഇന്ത്യ പ്രിയപ്പെട്ട 'ദോസ്ത്' (സുഹൃത്ത്) ആണെന്നും സഹായം രാജ്യത്തിന് വലിയ പിന്തുണയാണെന്നും സുനൽ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ സഹായം എത്തിക്കാമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തുർക്കി, സിറിയ എംബസികളെ അറിയിച്ചിട്ടുണ്ട്.

ജപ്പാനിലും നേപ്പാളിലും സഹായിച്ച സേന

2011-ൽ ജപ്പാനിലും 2015-ൽ നേപ്പാളിലും ഭൂകമ്പമുണ്ടായപ്പോൾ ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാദൗത്യം ആഗോള പ്രശംസ നേടിയിരുന്നു. 2006-ൽ രൂപീകരിച്ച സേനയുടെ ആദ്യ അന്താരാഷ്ട്ര ദൗത്യമായിരുന്നു ജപ്പാനിലേത്. നാലാമത്തെ ദൗത്യമാണ് തുർക്കിയിലേത്.

Advertisement
Advertisement