പിഴവുകൾ തിരുത്തി രണ്ടാം ദൗത്യം; എസ്.എസ്.എൽ.വി വിക്ഷേപണം 10ന്

Wednesday 08 February 2023 1:07 AM IST

തിരുവനന്തപുരം:ആദ്യ പരീക്ഷണ ദൗത്യത്തിലെ പിഴവുകൾ തിരുത്തി ഐ.എസ്.ആർ.ഒ.യുടെ ചെറിയ ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്.എസ്.എൽ.വി ഡി - 2 രണ്ടാം പരീക്ഷണത്തിനൊരുങ്ങി. വെള്ളിയാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും.

ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.07, സർവ്വകലാശാല വിദ്യാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ നാനോ ഉപഗ്രഹം ആസാദി സാറ്റ് 2, അമേരിക്കയുടെ ആന്താരിസ് എന്ന സ്ഥാപനത്തിന്റെ ചെറിയ ഉപഗ്രഹം ജാനസ് 01എന്നിവ ഭൂമിയിൽ നിന്ന് 450കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ വിക്ഷേപിക്കുകയാണ് ദൗത്യം. ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 334കിലോഗ്രാം. ഇ.ഒ.എസ്.07ന് 200കിലോ. മറ്റ് രണ്ടിനും കൂടി 134കിലോ.

പൂർത്തിയാകാത്ത ആദ്യ ദൗത്യത്തിന്റെ പിഴവുകൾ ആറുമാസത്തിനകം തിരുത്തി വീണ്ടും വിക്ഷേപിക്കുന്നത് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ ആദ്യമാണ്. ആദ്യ വിക്ഷേപണത്തിലെ ഇന്ധനക്ഷമത,റോക്കറ്റ് ഘട്ടങ്ങളുടെ വേർപെടലുകൾ,ഗതിനിർണയ സംവിധാനം, സോഫ്റ്റ് വെയർ, ഉപഗ്രഹങ്ങളുടെ പുറംതള്ളൽ തുടങ്ങിയവയെല്ലാം വിലയിരുത്തി. റോക്കറ്റിന്റെ മൂന്നാം സ്റ്റേജിലുണ്ടായ കുലുക്കവും അതുമൂലം ഗതി നിയന്ത്രണ സംവിധാനത്തിലുണ്ടായ മാറ്റവുമാണ് ദൗത്യം പരാജയപ്പെടാൻ കാരണം. ഇതെല്ലാം പരിഹരിച്ചാണ് രണ്ടാം വിക്ഷേപണം.

കഴിഞ്ഞ വർഷം ആഗസ്റ്റ് 7നായിരുന്നു ആദ്യ വിക്ഷേപണം.137 കിലോഗ്രാമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ് 02, 'സ്‌പേസ് കിഡ്സ് ഇന്ത്യ' വിദ്യാർത്ഥികൾ നിർമ്മിച്ച 'ആസാദി സാറ്റ്' എന്നിവയാണ് അന്ന് നഷ്ടമായത്.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്ക് ശേഷമാണ് ഐ.എസ്.ആർ.ഒ.ഹ്രസ്വ ദൂര റോക്കറ്റ് നിർമ്മിക്കുന്നത്. 10 മുതൽ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാനുള്ള റോക്കറ്റാണിത്. പി.എസ്.എൽ.വി.വിക്ഷേപണത്തിന് ഒരുക്കാൻ ഒന്നരമാസം വേണം. എസ്.എസ്.എൽ.വി.ക്ക് ഒരാഴ്ച മതി. ചെലവ് കുറവും ലാഭം കൂടുതലുമാണ്

എസ്.എസ്.എൽ.വി റോക്കറ്റിന്റെ മൂന്ന് ഘട്ടങ്ങളിലും ഖര ഇന്ധനമാണ്. ദൗത്യം വിജയിച്ചാൽ നിർമ്മാണവും വിക്ഷേപണവും ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ് ഇന്ത്യ ഏറ്റെടുക്കും. പിന്നീട് സ്വകാര്യമേഖലയിൽ റോക്കറ്റ് നിർമ്മിക്കും.

Advertisement
Advertisement