സിറിയയ്ക്ക് ഇന്ത്യ സഹായമെത്തിക്കും: കേന്ദ്രമന്ത്രി വി.മുരളീധരൻ
Wednesday 08 February 2023 2:10 AM IST
തിരുവനന്തപുരം:ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന സിറിയയിലേക്ക് വൈദ്യസഹായവുമായി പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.ജീവൻരക്ഷാ ഔഷധങ്ങളും മെഡിക്കൽ ഉപകരണങ്ങളുമായി സിറിയയിലേക്ക് വിമാനം അയയ്ക്കും. ദുരന്തപരിഹാരത്തിന് മറ്റ്സേവനങ്ങളും നൽകും.
ഇന്ത്യയുടെ ഐക്യദാർഢ്യം സിറിയൻ അംബാസിഡർ ബസാം അൽ ഖത്തീബിനെ നേരിട്ട് അറിയിച്ചതായി വി.മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുടെ നിർദ്ദേപ്രകാരമാണ് വി.മുരളീധരൻ എംബസി സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശവും കൈമാറി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം തുർക്കിയിലേക്ക് രക്ഷാദൗത്യത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആദ്യ സംഘം ഇന്ന് തിരിച്ചു. ദുരിതബാധിതർക്കുള്ള മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ തുടങ്ങിയവയുമായാണ് സംഘം പുറപ്പെട്ടത്.