ഇ ഡി കേസ്: റാണാ അയൂബിന്റെ ഹർജി തള്ളി

Wednesday 08 February 2023 2:14 AM IST

ന്യൂഡൽഹി: ഇ.ഡി. കേസ് ചോദ്യം ചെയ്‌ത് മാദ്ധ്യമപ്രവർത്തക റാണാ അയൂബ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. നവി മുംബയിലെ അക്കൗണ്ടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസ് ഉത്ത‌ർപ്രദേശ് ഗാസിയാബാദ് കോടതി പരിഗണിക്കുന്നതിനെതിരെയാണ് റാണ ഹർജി നല്കിയത്. വസ്‌തുതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും, ഗാസിയാബാദ് കോടതിയെ തന്നെ സമീപിക്കാനും ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായ ബെഞ്ച്

നിർദ്ദേശിച്ചു.

കൊവിഡ് കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിച്ചതിൽ കളളപ്പണ ഇടപാട് നടന്നുവെന്നാരോപിച്ചാണ് റാണാ അയൂബിനെതിരെ ഇ.ഡി. അന്വേഷണമുണ്ടായത്. നവി മുംബയിലെ അക്കൗണ്ട് മുഖേന ഇടപാടുകൾ നടന്നുവെന്നാണ് ആരോപണം. ഉത്തർപ്രദേശുമായി കേസിന് ബന്ധമില്ലെന്നും ഗാസിയാബാദിലെ പ്രത്യേക കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നും റാണയുടെ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു. ഗാസിയാബാദിൽ രജിസ്റ്റ‌‌ർ ചെയ്‌ത എഫ്.ഐ.ആറിലാണ് ഇ.ഡി.യുടെ അന്വേഷണം ആരംഭിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത മറുപടി നൽകി.

Advertisement
Advertisement