നാടകീയ രംഗങ്ങൾക്കൊടുവിൽ ചുമതലയേറ്റ് വിക്ടോറിയ ഗൗരി നിയമനത്തിനെതിരായ ഹർജി തളളി

Wednesday 08 February 2023 2:15 AM IST

ന്യൂ ഡൽഹി: നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ അഡ്വ. വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. നിയമനം ചോദ്യം ചെയ്‌ത ഹർജി സുപ്രീംകോടതി തള്ളി. കോടതിയിൽ വാദം കേൾക്കുന്ന സമയത്താണ് ചെന്നൈയിൽ സത്യപ്രതിജ്ഞ നടന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി ആദ്യം പരിഗണിക്കാനിരുന്നതെങ്കിലും സഹജഡ്‌ജി പിന്മാറിയതിനെ തുടർന്ന് മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. വിക്ടോറിയ ഗൗരിയുടെ രാഷ്ട്രീയ പശ്ചാത്തലവും വിവാദ പരാമർശങ്ങളും സംബന്ധിച്ച അറിവ് കൊളീജിയത്തിനുണ്ടായിരുന്നില്ല എന്ന് അനുമാനിക്കാൻ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

രാവിലെ 10.35നാണ് മദ്രാസ് ഹൈക്കോടതിയിലെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്. സ്ഥാനാരോഹണത്തിന് മുൻപ് നിയമനത്തിന് എതിരായ ഹർജികൾ പരിഗണിക്കണമെന്ന് അഭിഭാഷകർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവരുടെ ബെഞ്ച് 38-ാമത്തെ കേസായാണ് ഹർജി പരിഗണിക്കാനിരുന്നതെങ്കിലും സത്യപ്രതിജ്ഞയ്‌ക്ക് മുൻപ് വാദം കേൾക്കണമെന്ന ആവശ്യമുയർന്നതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹർജി പരിഗണിക്കാൻ തീരുമാനിച്ചു. ഇതിനിടെയാണ് തമിഴ്നാട്ടുകാരനായ ജസ്റ്റിസ് എം.എം. സുന്ദരേഷ് പിന്മാറുന്നത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സിറ്റിംഗ് നടത്തിയതുമില്ല. ഇതോടെ സുപ്രീംകോടതി വരാന്തയിൽ ആകാംക്ഷ വർദ്ധിച്ചു. 10.25ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ടുതുടങ്ങി.

ഇതിനിടെ 10.35ന് മദ്രാസ് ഹൈക്കോടതിയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. സുപ്രീംകോടതിയിൽ വാദം മുറുകുന്നതിനിടെ വിക്ടോറിയ ഗൗരി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. പിന്നാലെ സുപ്രീംകോടതി ഹർജികൾ തളളി. രാഷ്ട്രീയ പശ്ചാത്തലമുളള വ്യക്തികൾ മുൻപും സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജഡ്‌ജിമാരായിട്ടുണ്ടെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ ഉൾപ്പെടെ എടുത്തുപറഞ്ഞ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തനിക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ബി.ആർ. ഗവായിയും വ്യക്തമാക്കി. ജഡ്‌ജിയായി നിയമിക്കപ്പെട്ടയാൾ ആ സ്ഥാനത്തിന് യോഗ്യയാണോയെന്ന ചോദ്യത്തിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂനപക്ഷങ്ങൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയെന്ന് ആരോപണമുളള വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്‌ജിയാക്കിയ നടപടി റദ്ദാക്കണമെന്നായിരുന്നു ഹ‌ർജികളിലെ ആവശ്യം. മദ്രാസ് ഹൈക്കോടതിയിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമ്പോൾ കോടതിക്ക് പുറത്ത് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനിലെ അഭിഭാഷകർ പ്രതിഷേധിച്ചു.

Advertisement
Advertisement