കലാമണ്ഡലത്തിൽ നടന്നത് ഡി.ജെ പാർട്ടിയല്ലെന്ന്

Wednesday 08 February 2023 1:57 AM IST

തൃശൂർ: കലാമണ്ഡലത്തിൽ നിള ഫെസ്റ്റിന്റെ സമാപന ദിനം നടന്നത് ഡി.ജെ പാർട്ടിയല്ല, ആഹ്‌ളാദനൃത്തമാണെന്നും വിവാദം അനാവശ്യമാണെന്നും വൈസ് ചാൻസലർ ഇൻ ചാർജ്ജ് ഡോ.എം.വി.നാരായണൻ പറഞ്ഞു. ചാൻസലർ മല്ലിക സാരാഭായിയോടൊപ്പം തൃശൂർ പ്രസ് ക്‌ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഹ്‌ളാദ നൃത്തത്തെ ഡി.ജെ പാർട്ടിയെന്ന് മുദ്ര കുത്തുന്നത് ശരിയല്ല.

പത്ത് ദിവസത്തെ നിള ഫെസ്റ്റ് വിജയിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് അവരുടെ അഭ്യർത്ഥന മാനിച്ച് നൃത്തം ചെയ്യാൻ അനുമതി നൽകിയിരുന്നു. താനും രജിസ്ട്രാറും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കലാമണ്ഡലത്തിനെ ഒരു തരത്തിലും അത് ബാധിക്കുന്നില്ല. വിമർശകർ നൃത്തവും രസവും ആനന്ദവും എന്താണെന്ന് പഠിക്കണം. ഭാരതീയ പാരമ്പര്യത്തെ അറിയണം. നൃത്തം ചെയ്തതിൽ പശ്ചാത്താപമില്ല. വിമർശിക്കുന്നവർക്ക് വിമർശിക്കാമെന്നും ഡോ.എം.വി.നാരായണൻ പറഞ്ഞു. ഇതിത്ര വിവാദമാക്കേണ്ടതില്ലെന്ന് മല്ലിക സാരാഭായിയും പറഞ്ഞു.