കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

Wednesday 08 February 2023 2:04 AM IST

തൃശൂർ : സംസ്ഥാന സർക്കാരിന്റേത് കൊള്ള ബഡ്ജറ്റാണെന്ന് ആരോപിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം. മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ബാരിക്കേഡ് തകർത്ത് അകത്തുകടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരടക്കമുള്ള നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

ഇതോടെ നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ വെസ്റ്റ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നേതാക്കളെ വിട്ടയച്ചു. മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, അഡ്വ.ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ഐ.പി.പോൾ, സി.ഒ ജേക്കബ്, സജീവൻ കുരിയച്ചിറ, ശോഭ സുബിൻ, കെ.ഗോപാലകൃഷ്ണൻ, ടി.എം.ചന്ദ്രൻ, കെ.എഫ്.ഡൊമിനിക്, കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.കെ.ബാബു, ടി.എം.നാസർ, കെ.വി.ദാസൻ എന്നിവർ പ്രസംഗിച്ചു.