ആംബുലൻസ് അപകടത്തിൽപെട്ട് രണ്ട് പേർക്ക് പരിക്ക്

Wednesday 08 February 2023 2:07 AM IST

കൊടുങ്ങല്ലൂർ : മൃതശരീരം കൊണ്ടുവരാൻ പോയ ആംബുലൻസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. ആംബുലൻസ് ഡ്രൈവർ പുല്ലൂറ്റ് നോർത്ത് പുരയ്ക്കൽ വീട്ടിൽ ജോതിഷ് കുമാർ (23), സഹായി പുല്ലൂറ്റ് തേക്കിനി പറമ്പിൽ ഹരീഷിന്റെ മകൻ പ്രവീൺ (19) എന്നിവർക്കാണ് പരിക്കേറ്റത്. ജോതിഷ് കുമാറിനെ ഇരിങ്ങാലക്കുട സഹകരണ ആശുപതിയിലും പ്രവീണിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തോടെ കരൂപ്പടന്ന പള്ളി നടയിലായിരുന്നു അപകടം. ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്ന് മരണമടഞ്ഞ ആളുടെ മൃതശരീരം കൊണ്ടുവരാൻ പോയതായിരുന്നു ഒൺ ലൈഫ് ആംബുലൻസ്.

അപകടത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ ഗതാഗത സ്തംഭനമുണ്ടായി. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഇടിയിൽ ബോൾട്ട് ഇളകി തകർന്ന് അപകടാവസ്ഥയിൽ വീഴാറായ ഹൈമാസ്റ്റ് ലൈറ്റ് സേനാംഗങ്ങളും നാട്ടുകാരും കൂടി റോപ്പ്, ജെ.സി.ബി എന്നിവ ഉപയോഗിച്ച് മാറ്റിയിട്ടു. ആംബുലൻസ് ഫയർ എൻജിനും ചെയിൻ ബ്ലോക്കും ഉപയോഗിച്ച് വലിച്ച് മാറ്റി. ഗ്രേഡ് അസി : സ്റ്റേഷൻ ഓഫീസർ പി.ബി.സുനിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമായ ബിനുരാജ് കെ.വി, സനൽ റോയി, സജീഷ്, ധനേഷ്, വിഷ്ണു ദാസ്, ഹോംഗാർഡ് ജനാർദ്ദനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.