'ലക്‌നൗവിന്റെ പേര് മാറ്റണം, അറിയപ്പെടേണ്ടത് ലക്ഷ്മണന്റെ പേരിൽ'; പ്രധാനമന്ത്രിക്ക് കത്തയച്ച് ബി ജെ പി എം പി

Wednesday 08 February 2023 10:13 AM IST

ലക്‌നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി സംഗം ലാൽ ഗുപ്ത. ലഖൻപൂർ അല്ലെങ്കിൽ ലക്ഷ്മൺപൂർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു.

യുപിയിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായി ലക്ഷ്മണന്റെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ ഔപചാരിക അനാച്ഛാദനം നടക്കുന്നതിന് മുന്നോടിയായിട്ടാണ് എംപി കത്തയച്ചിരിക്കുന്നത്. ത്രേതായുഗത്തിൽ സഹോദരനായ ലക്ഷ്മണന് ഭഗവാൻ ശ്രീരാമൻ സമ്മാനിച്ചതാണ് ലക്നൗ എന്നൊരു ഐതിഹ്യമുണ്ടെന്നും, ആദ്യകാലത്ത് ലഖൻപൂർ എന്നും ലക്ഷ്മൺപൂർ എന്നും ലക്നൗ അറിയപ്പെട്ടിരുന്നുവെന്നും ഗുപ്ത പറഞ്ഞു. എന്നാൽ നവാബ് അസഫ് ഉദ് ദൗലയാണ് ലക്നൗ എന്ന് പുനർനാമകരണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ രാജ്യം അമൃതകാലത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണെന്നും ഇനിയെങ്കിലും ഈ അടിമത്തത്തിന്റെ പ്രതീകമായ ഈ പേര് ഇല്ലാതാക്കണമെന്നും സംഗം ഗുപ്ത കത്തിൽ കുറിച്ചു.