കാമുകന് ഫോൺ വാങ്ങാൻ വീട്ടമ്മയെ 16കാരി തലയ്ക്കടിച്ച് കവർച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ, മുളകുപൊടിയും ചുറ്റികയും ഗ്ളൗസും കണ്ടെടുത്തു

Wednesday 08 February 2023 10:31 AM IST

എറണാകുളം: കാമുകന് സ്‌‌മാർട്ട് ഫോൺ വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായി പ്ളസ്‌ടു വിദ്യാർത്ഥിനി വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കവർച്ച നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. മൂവാറ്റുപുഴ സൗത്ത് പായിപ്ര കോളനിയ്ക്ക് സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർത്ഥിനി മോഷണശ്രമത്തിനിടെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

പതിനാറ് വയസുള്ള പെൺകുട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നതിനുശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാലയും കമ്മലും മോതിരവും അടക്കമുള്ള ആഭരണങ്ങളുമായാണ് വിദ്യാർത്ഥിനി കടന്നത്. സംഭവസമയം ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രണശേഷം പെൺകുട്ടി കടന്നുകളഞ്ഞതിന് പിന്നാലെ ജലജ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതിനനുസരിച്ച് പൊലീസ് വീട്ടുകാരെകൊണ്ടുതന്നെ പെൺകുട്ടിയുടെ ഫോണിൽ വിളിപ്പിച്ചു. ഈ സമയം നഗരത്തിലായിരുന്ന പെൺകുട്ടി ഓട്ടോയിൽ തിരിച്ചെത്തി. ഇതിനിടെ ഓട്ടോയിലുണ്ടായിരുന്ന ആൺകുട്ടി വാഴപ്പിള്ളി കവലയിൽ ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പെൺകുട്ടി കുറ്റം സമ്മതിച്ചു.

കുറ്റകൃത്യത്തിൽ വിദ്യാർത്ഥിനി മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണം പോയ ആഭരണങ്ങളിൽ ചിലത് കണ്ടെടുത്തു. പെൺകുട്ടി ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ളൗസിൽ പൊതിഞ്ഞ് എറിഞ്ഞുകളഞ്ഞ നിലയിൽ വഴിയരികിൽ നിന്നാണ് മോതിരവും കമ്മലും കിട്ടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മുളകുപൊടിയും ചുറ്റികയും അടക്കമുള്ള സാധനങ്ങൾ കണ്ടെടുത്തു. കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടി കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നതിനാൽ മുൻപ് ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.

അതേസമയം, നാട്ടുകാർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ച ജലജയെ മുറിവ് ആഴമുള്ളതായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisement
Advertisement