ബന്ധുനിയമനത്തിന്റെ പേരിൽ സി പി ഐ നേതാക്കൾ തമ്മിൽ തർക്കം; പിന്നാലെ വീട്ടിൽ കയറി തലയിൽ വെട്ടി, സംഭവം കൊല്ലത്ത്

Wednesday 08 February 2023 10:53 AM IST

ചാത്തന്നൂർ: ചിറക്കര സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗത്തെ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗം വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ചിറക്കര സർവീസ് സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് സി.പി.ഐ ഉളിയനാട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ബിനുനെ(45) മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ സുനിൽ കുമാറാണ് വെട്ടിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാളുമായി ബിനുവിന്റെ വീട്ടിലെത്തിയ സുനിൽകുമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തലയ്ക്ക് വെട്ടുകയായിരുന്നു. തലയ്ക്ക് നേരെ വീശിയ വാൾ ബിനു കൈകൊണ്ട് തടഞ്ഞു. അതുകൊണ്ട് തന്നെ കാര്യമായ ബലമില്ലാതെയാണ് വാൾ തലയിൽ തട്ടിയത്. അല്ലെങ്കിൽ പരിക്ക് കൂടുതൽ ഗുരുതരമായേനേ. നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ സുനിൽ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചിറക്കര സഹകരണ ബാങ്ക് നിയമനത്തിൽ ബിനുകുമാറിന്റെ ഭാര്യയ്ക്കും സി.പി.ഐ വനിതാ നേതാവിന്റെ മകൾക്കും ജോലി നൽകിയതിനെതിരെ സി.പി.ഐയിൽ തന്നെ തർക്കമുണ്ടായിരുന്നതായി പറയപ്പെടുന്നു. പാർട്ടി നേതാക്കളുടെ ബന്ധു നിയമനത്തെ തുടർന്ന് ഉണ്ടായ തർക്കം നിലനിൽക്കേയാണ് ഇന്നലെ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. പരിക്കേറ്റ ബിനുവിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സുനിലിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.