ഇതാണ് സഹോദര സ്‌നേഹം! കുഞ്ഞനുജന്റെ തലയിൽ പരിക്കേൽക്കാതിരിക്കാൻ ഏഴ് വയസുകാരിയായ ചേച്ചി കൈകൊണ്ട് കവചമൊരുക്കിയത് പതിനേഴ് മണിക്കൂർ

Wednesday 08 February 2023 11:30 AM IST

തുർക്കിയും സിറിയയും ഭൂകമ്പത്തിന്റെ ഞെട്ടലിലാണ്. എവിടെ നോക്കിയാലും കാണുന്നത് തകർന്ന കെട്ടിടങ്ങളും കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളുമാണ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ഇരു രാജ്യങ്ങളിലും റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായത്. പിന്നാലെ തുടർപ്രകമ്പനങ്ങളും ഉണ്ടായി.

വേദന നിറഞ്ഞ കാഴ്ചകൾക്കിടയിൽ മനസിന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു ചേച്ചിയുടെയും കുഞ്ഞനുജന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യു എൻ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ചേച്ചിയും അനുജനുമാണ് ചിത്രത്തിലുള്ളത്. കുഞ്ഞനുജന്റെ തലയ്ക്ക് പരിക്കേൽക്കാതിരിക്കാൻ ഏഴ് വയസുകാരി പതിനേഴ് മണിക്കൂറോളം കൈകൊണ്ട് കവചമൊരുക്കി. രക്ഷാപ്രവർത്തകർ എത്തിയപ്പോൾ അവരെ ചെറുപുഞ്ചിരിയോടെയാണ് ആ കൊച്ചുമിടുക്കി സ്വീകരിച്ചതെന്ന് ട്വീറ്റിൽ പറയുന്നു.

ട്വീറ്റിന് പിന്നിൽ നിരവധിയാളുകളാണ് കൊച്ചുമിടുക്കിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. അതേസമയം, ഈ ചിത്രം തുർക്കിയിൽ നിന്നാണോ സിറിയയിൽ നിന്നാണോ എടുത്തതെന്ന് വ്യക്തമല്ല.