പ്രാർത്ഥന ചൊല്ലി വമ്പൻ റെക്കാഡുകൾ സ്വന്തമാക്കി കൊല്ലംകാരി ഗീതാബാബു, നേട്ടം കൊയ്‌തത് എട്ടുഭാഷകളിലെ ഗീതങ്ങൾ മനപാഠമാക്കി

Wednesday 08 February 2023 1:40 PM IST

പ്രാർത്ഥന ചൊല്ലി പുരസ്കാരങ്ങൾ നേടിയിരിക്കുകയാണ് ഗുരുദേവ കൃതികളുടെ ഉപാസകയായ കരുനാഗപ്പള്ളി നമ്പരുവികാല തത്വമസിയിൽ എസ് സുരേഷ് ബാബുവിന്റെ ഭാര്യ ഗീതാബാബു. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്, ഇന്ത്യൻ നാഷണൽ ബുക്ക് ഒഫ് റെക്കാഡ് എന്നിവയിലാണ് ഗീതാബാബു ഇടം പിടിച്ചത്.

ശ്രീനാരായണ ഗുരുദേവ കൃതികളുടെ നിത്യോപാസകയായ ഗീതാബാബു ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥനാഗീതം മലയാളം, സംസ്കൃതം, തമിഴ്, ഹിന്ദി, മറാത്തി, കന്നട, ബംഗാളി, അറബിക് ഭാഷകളിൽ മനപാഠമാക്കി ആലപിച്ചാണ് നേട്ടങ്ങൾ കൊയ്തത്.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ദൈവദശകം ആലപിക്കുമ്പോൾ ഈശ്വരീയത തുളുമ്പിനിൽക്കും. ഇന്ത്യൻ നാഷണൽ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ ഇനങ്ങൾ ലിംകാ ബുക്ക് ഒഫ് റെക്കാർഡിന്റെയും പരിഗണനയിലാണ്. ജനനി നവരത്നമഞ്ജരി എന്ന ഗുരുദേവ കൃതിയുടെ ആലാപനത്തിൽ ഗുരുധർമ്മ പ്രചരണ സഭ നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനവും ശിവഗിരി മഠം നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനവും ഷൺമുഖസ്തോത്രം എന്ന കൃതിയുടെ മത്സരത്തിന് ഗുരുധർമ്മ പ്രചരണ സഭയുടെ രണ്ടാം സ്ഥാനവും നേടി ശിവഗിരി മഠത്തിന്റെ ഔട്ട് സ്റ്റാൻഡിംഗ് പെർഫോമറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisement
Advertisement