മോഹൻലാലും ശോഭനയും വീണ്ടും

Thursday 09 February 2023 12:53 AM IST

ലീച്-- അനൂപ് സത്യന്റെ ചിത്രത്തിൽ നസിറുദ്ദീൻ ഷാ

മലയാളത്തിന്റെ സൂപ്പർഹിറ്റ് താര ജോഡികളായ മോഹൻലാലും ശോഭനയും വർഷങ്ങൾക്കുശേഷം വീണ്ടും ഒരുമിക്കുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ ശോഭന ആണ് നായിക. ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ മോഹൻലാലും ശോഭനയും നായകനും നായികയുമായി അഭിനയിച്ചിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. മോഹൻലാൽ - ശോഭന ചിത്രത്തിൽ ബോളിവുഡ് താരം നസിറുദ്ദീൻ ഷാ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. പൊന്തൻമാടയ്ക്കുശേഷം നസിറുദ്ദീൻ ഷാ അഭിനയിക്കുന്ന മലയാള ചിത്രമാണ്. മലയാളത്തിലെ ഒരു യുവനടൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടെ വാലിബാൻ രാജസ്ഥാനിൽ പുരോഗമിക്കുന്നു. ബോളിവുഡ് താരം സോണാലി കുൽകർണി, മലയാളത്തിൽനിന്ന് ഹരീഷ് പേരടി, സുചിത്ര നായർ എന്നിവർ താരനിരയിലുണ്ട്.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നി‌ർമ്മാണം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലും ടിനു പാപ്പച്ചന്റെ പേരിടാത്ത ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് ടിനു പാപ്പച്ചൻ ചിത്രം നിർമ്മിക്കുന്നത്.