കലാകാരന്മാർക്ക് ഇത് പ്രതീക്ഷയുടെ ഉത്സവക്കാലം

Thursday 09 February 2023 3:17 AM IST

വെഞ്ഞാറമൂട്: നിയന്ത്രണങ്ങളും കൊവിഡ് ഭീഷണിയുമില്ലാത്ത ഉത്സവക്കാലം കടന്നുവന്നതിന്റെ ആശ്വാസത്തിലാണ് സ്റ്റേജ് കലാകാരന്മാരും ബുക്കിംഗ് ഏജൻസികളും,കലാസ്വാദകരും. കഴിഞ്ഞ വർഷം പരിപാടികൾ നടത്താൻ അവസരം ലഭിച്ചിരുന്നെങ്കിലും കൊവിഡ് - ഒമിക്രോൺ നിരക്ക് വർദ്ധിച്ച് നിന്ന ആശങ്കയിലായിരുന്നു പല സ്ഥലത്തും പരിപാടികൾ നടന്നത്. ബുക്ക് ചെയ്തിരുന്ന പല പരിപാടികളും റദ്ദും ചെയ്തിരുന്നു. ഉത്സവപ്പറമ്പുകളും വിജനമായിരുന്നു. അതിന് മുൻപത്തെ വർഷമാകട്ടെ,ലോക്ക് ഡൗണിൽ ആഘോഷങ്ങൾ പൂർണമായി മുടങ്ങി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് പിന്നാലെയാണ് കഴിഞ്ഞ വർഷം കൊവിഡ് നിരക്ക് കുതിച്ചുയർന്നത്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്.ഭയപ്പെട്ട നിരക്കിലേക്ക് കൊവിഡ് ഉയർന്നില്ല. അതോടെ ക്ഷേത്ര ഭാരവാഹികളും മറ്റും ഉത്സവരാവുകൾ വൻ ആഘോഷമാക്കാനുള്ള തന്ത്രപ്പാടിലാണ്.

ഇനി ഉത്സവരാവുകൾ

ക്ഷേത്രോത്സവ സീസണിന് തുടക്കമായിക്കഴിഞ്ഞു. ആരാധനാലയങ്ങളിൽ എല്ലാം വമ്പിച്ച ഉത്സവമാണ് നടത്തുന്നത്. നവംബർ പകുതി മുതൽ വിഷുക്കാലമായ ഏപ്രിൽ വരെയാണ് കേരളത്തിലെ ആഘോഷസമയം. ക്ഷേത്രങ്ങളിലെല്ലാം ഉത്സവ തീയതികൾ തീരുമാനിച്ച് പരിപാടികളുടെ ബുക്കിംഗും ആരംഭിച്ചു. ചില ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും നടന്നു കഴിഞ്ഞു. ഉത്സവപ്പറമ്പുകളിൽ എല്ലാം നിറഞ്ഞ ആളുകളും ആയിരുന്നു.

പരിശീലനച്ചൂടിൽ

ആശങ്കകൾ ഒഴിഞ്ഞതും ക്രിസ്മസ് പുതുവത്സര സീസണിൽ മികച്ച പ്രതികരണം ലഭിച്ചതും ക്ഷേത്രോത്സവ ബുക്കിംഗുകൾ വർദ്ധിക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷയിൽ പരിശീലനം ആരംഭിച്ചിരിക്കുകയാണ് കലാസംഘങ്ങൾ. ആർട്ട് വർക്കുകളും വസ്ത്രങ്ങളും ഉപകരണങ്ങളുമുൾപ്പെടെ പുതിയതായി വാങ്ങിയാണ് പലരും പരിശീലനം നടത്തുന്നത്.