ആറ്റിങ്ങലിൽ 4 റെയിൽവേ ഓവർബ്രിഡ്ജുകൾക്ക് കേന്ദ്രാനുമതി: അടൂർ പ്രകാശ് എം.പി
Thursday 09 February 2023 3:17 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിന് കീഴിലെ നാല് റെയിൽവേ ഓവർബ്രിഡ്ജുകൾക്ക് കേന്ദ്രാനുമതി ലഭിച്ചെന്നും ഫണ്ട് വകയിരുത്തിയതായും അഡ്വ. അടൂർ പ്രകാശ് എം. പി അറിയിച്ചു. ചിറയിൻകീഴ് -മുരുക്കുമ്പുഴ, വർക്കല-ഇടവ ,ഇടവ-കാപ്പിൽ, കണിയാപുരം-മുരുക്കുമ്പുഴ എന്നിവയ്‌ക്കാണ് അനുമതി. ചിറയിൻകീഴ്-മുരുക്കുമ്പുഴ ഓവർബ്രിഡ്ജ് നിർമ്മാണത്തിന് ഒരു കോടി രൂപ വകയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പ്രദേശത്തെ ജനങ്ങളുടെ ചിരകാല ആവശ്യമാണ് നിറവേറുന്നതെന്നും എം.പി പറഞ്ഞു.
വർക്കല-ഇടവ ഓവർബ്രിഡ്ജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പത്ത് ലക്ഷം രൂപയും വകയിരുത്തി. നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയെയും മറ്റ് അധികൃതരെയും നേരിൽ കണ്ടും കത്തുകൾ മുഖേനനയും ആവശ്യപ്പെട്ടതിന് ശേഷമാണ് കേന്ദ്രാനുമതി നേടാനായതെന്നും അടൂർ പ്രകാശ് പറഞ്ഞു.