പരിയാരത്തിന് വേണം സൂപ്പർ ചികിത്സ- പരമ്പര 4: മോട്ടോറുകൾ ചത്ത് മാലിന്യപ്ളാന്റ്

Wednesday 08 February 2023 8:47 PM IST

തളിപ്പറമ്പ് :ശുചിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലം ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. അറ്റകുറ്റപ്പണി നടത്താത്തതിനാൽ മലിനജലം ആശുപത്രി വളപ്പിലേക്ക് ഒഴുക്കി വിടുകയാണ്. ശുദ്ധീകരണ പ്രക്രിയ നിലച്ചതിനാൽ ദുർഗന്ധം കുറയ്ക്കാൻ പ്ലാന്റ് ജീവനക്കാർ ചാണകം ധാരാളമായി മലിനജലത്തിൽ ചേർക്കുന്നുണ്ട്. പ്ലാന്റിലെ എട്ടു മോട്ടറുകളും തകരാറിലാണ്.

ഹെലിപ്പാഡ് ഉൾപ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഇതൊരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്നുറപ്പാണ്. രോഗിയുമായി എത്തുന്ന ഹെലികോപ്ടർ ഇറങ്ങേണ്ട എട്ടാം നിലക്ക് മുകളിൽ ചോർച്ചയെ പ്രതിരോധിക്കാനുള്ള മേൽക്കൂര പണിതിരിക്കുയാണിപ്പോൾ.

1946 ൽ ബ്രിട്ടീഷ് എഞ്ചിനീയർമാർ നിർമ്മിച്ച ടി.ബി സാനിട്ടോറിയം കെട്ടിടങ്ങൾ കാലത്തെ അതിജീവിച്ച് ഇന്നും നിലനിൽക്കുമ്പോഴാണ് കാൽ നൂറ്റാണ്ട് മാത്രം പിന്നിട്ട കെട്ടിടം തകർച്ചയെ നേരിടുന്നത്.1996 ജനുവരി മൂന്നിനാണ് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി എ.ആർ.ആന്തുലെ മെഡിക്കൽ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

നവീകരണം പുരോഗമിക്കുന്നതിനിടയിലാണ് എട്ടാംനിലയിലെ അപകടാവസ്ഥ എൻജിനീയറിംഗ് വിഭാഗം മനസിലാക്കിയത്.എട്ടാം നിലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ പ്രധാന കെട്ടിടത്തിന് മുകളിൽ മേൽപ്പുര ഒരുങ്ങുന്നത്.ഇരുമ്പ് ഗർഡറുകൾ എട്ടാംനിലക്ക് മുകളിലെത്തിച്ച് കെട്ടിടത്തിന്റെ താഴേക്ക് വായു പ്രവഹിക്കാനായി സ്ഥാപിച്ച സ്തംഭത്തെ പൂർണമായും മൂടിയാണ് മേൽപ്പുര സ്ഥാപിക്കുന്നത്.

( അവസാനിച്ചു)

സർക്കാർ ഇടപെടൽ ഊർജ്ജിതം: എം.വിജിൻ

കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിൽ സർക്കാർ കാര്യമായ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇതിനകം വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് .പൂർണതയിൽ എത്തിയെന്ന് അവകാശപ്പെടാനില്ല.34 കോടിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. എൺപതു കോടി ചിലവിൽ ട്രോമാകെയറിന്റെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ് .ആറുകോടി ചിലവിട്ട് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള സംവിധാനത്തിന്റെ പ്രവൃത്തി ഉടൻ തുടങ്ങും.26.15കോടിയാണ് ഇക്കുറി ബഡ്ജറ്റിൽ മെഡിക്കൽ കോളേജിന് മാറ്റിവച്ചത് .എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷത്തിന്റെ പ്രവൃത്തികൾ നടക്കാനുണ്ട്. റോഡുകൾ , ടോയ്ലറ്റുകൾ ,​ഫണ്ട് ഓഫീസ്,​ പെയിന്റിംഗ് എന്നിവയെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. ആവശ്യത്തിന് ഡോക്ടർമാരുടേയും നഴ്സുമാരുടേയും നിയമനങ്ങളടക്കം പൂർത്തിയായിവരികയാണെന്നും എം.എൽ.എ അറിയിച്ചു.

Advertisement
Advertisement