പ്ളാസ്റ്റിക് ജാക്കറ്റിൽ മോദി പാർലമെന്റിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ധരിച്ച ഇളം നീല ജാക്കറ്റ് പാർലമെന്റിലും സമൂഹമാദ്ധ്യമങ്ങളിലും സജീവചർച്ചയായി. റീസൈക്ളിൾ ചെയ്‌ത പ്ളാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമ്മിച്ച ജാക്കറ്റ് ധരിച്ചാണ് മോദി ഇന്നലെ പാർലമെന്റിൽ എത്തിയത്.
ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണിത്. പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയാണ് ഇതു തെളിയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
മോദിയുടെ പരിസ്ഥിതി സൗഹൃദ ജാക്കറ്റിനൊപ്പം കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വിലകൂടിയ ലൂയിസ് വിറ്റൺ സ്‌കാർഫും പാർലമെന്റിൽ ചർച്ചയായി. ഭൂമി പുത്രൻ എന്ന് സ്വയം വിശേഷിപ്പിച്ച ഖാർഗെ വിലകൂടിയ സ്‌കാർഫാണ് ധരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂൻവാല വിമർശിച്ചു.
പ്രധാനമന്ത്രിയുടെ ജാക്കറ്റ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള ഹരിത സന്ദേശം നൽകുന്നുവെന്നും ഖാർഗെ വിലകൂടിയ സ്കാർഫ് ധരിച്ച് ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു എന്നുമായിരുന്നു ഷെഹ്‌സാദിന്റെ ട്വീറ്റ്.