രണ്ട് ഇന്ത്യൻ ദൗത്യ സംഘങ്ങൾ കൂടി തുർക്കിയിൽ, ഭൂകമ്പം: മരണം 12,000 കടന്നു

Thursday 09 February 2023 4:51 AM IST

 കാണാതായവരിൽ ബംഗളൂരു സ്വദേശിയും  10 ഇന്ത്യക്കാർ സുരക്ഷിതർ

ഇസ്താംബുൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണം 12,000 കടന്നു. തുർക്കിയിൽ കാണാതായവരിൽ ഒരു ഇന്ത്യക്കാരനും ഉണ്ടെന്ന് സ്ഥിരീകരിച്ചു.ബംഗളൂരു സ്വദേശിയായ ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ 10 ഇന്ത്യക്കാരെ സുരക്ഷിത താവളത്തിലെത്തിച്ചെന്നും വിദേശ മന്ത്രാലയം അറിയിച്ചു.

തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ അറിയിച്ചു. തക‌ർന്ന റോഡുകളും കെട്ടിടങ്ങളും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

ഇന്ത്യ ഇന്നലെ അയച്ച രണ്ട് രക്ഷാദൗത്യ സംഘങ്ങൾ കൂടി വ്യോമസേനാ വിമാനത്തിൽ തുർക്കിയിലെത്തി. കഴിഞ്ഞ ദിവസം എത്തിയ രണ്ട് ഇന്ത്യൻ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിത മേഖലകളിൽ ഇന്ത്യൻ സംഘം അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഒാപ്പറേഷൻ ദോസ്ത് എന്ന് പേരിട്ട ദൗത്യത്തിന് കൂടുതൽ പേരെ നിയോഗിക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

തുർക്കി പ്രസിഡന്റ് റെസെപ് തയ്യിബ് എർദോഗൻ ഇന്നലെ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു. അതിജീവിച്ചവരെ അതിശൈത്യവും പട്ടിണിയും കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്. വിമാനത്താവളങ്ങളുടെ പ്രവർത്തനം അവതാളത്തിലായതും തകർന്ന റോഡുകളും രക്ഷാപ്രവർത്തനത്തിന് തടസ്സമായെന്നും പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും ആരെയും തെരുവിൽ ഉപേക്ഷിക്കില്ലെന്നും എൻദോഗാൻ അറിയിച്ചു.

ഭൂചലനത്തിൽ തുറമുഖത്തെ കണ്ടെയ്‌നറുകൾക്ക് തീപിടിച്ചതിനാൽ പ്രവർത്തനങ്ങൾ നിറുത്തിവച്ചു.

സിറിയയിൽ 2650ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള പ്രവിശ്യകളിൽ 1262 പേർ മരിച്ചതായും 2285 പേർക്ക് പരിക്കേറ്റതായും സിറിയൻ ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം, വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 1400 പേർ മരിച്ചതായും 2700ലേറെ പേർക്ക് പരിക്കേറ്റതായും മൂന്ന് ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചതായും രക്ഷാപ്രവർത്തനം നടത്തുന്ന സിറിയൻ സന്നദ്ധ സംഘടനയായ 'വൈറ്റ് ഹെൽമെറ്റ്" അറിയിച്ചു. ഈ സംഘടനയുടെ നാല് അംഗങ്ങളും കുടുംബാംഗങ്ങളും ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു.

യു.എസ്, ചൈന, ഗൾഫ് തുടങ്ങി ഡസൻ കണക്കിന് രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിന് മുൻനിരയിലുണ്ട്. ദൗത്യ സംഘങ്ങളെ കൂടാതെ മരുന്നും ഉപകരണങ്ങളും എത്തിക്കുന്നുണ്ട്.

ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫ്രാൻസിസ് മാർപ്പാപ്പ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും അതിജീവനത്തിനും പിന്തുണ നൽകണമെന്ന് അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.