അരക്കോടിയുടെ യന്ത്രം പോയി: ഇനി 'ഈസി കളക്ട്"

Thursday 09 February 2023 12:10 AM IST

കോട്ടയം: നാലര വർഷം മുമ്പ് അരക്കോടി മുടക്കി ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം ദിവസങ്ങൾ മാത്രം പ്രവർത്തിപ്പിച്ച് തകരാറിലായി കായലിൽ തള്ളിയതിന് പിന്നാലെ, ജില്ലാ കളക്ടറുടെ ഐഡിയയിൽ രൂപകല്പന ചെയ്ത ഈസി കളക്ടെന്ന പുതിയ യന്ത്രം കർഷകരിലേയ്ക്ക് എത്തിക്കാൻ ജില്ലാ പഞ്ചായത്ത്. പഴയ യന്ത്രത്തെക്കൊണ്ട് ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് ഉറപ്പായതോടെ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ നിർദ്ദേശത്തിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിംഗ് കോളജാണ് ഈസി കളക്ട് വികസിപ്പിച്ചത്.

പോളവാരുന്നതിന് പുറമേ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്കും നൽകി പണം സമ്പാദിക്കാമെന്ന അവകാശവാദത്തിൽ മുമ്പ് വാങ്ങിയ യന്ത്രം വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് പ്രവർത്തിച്ചത്. 48 ലക്ഷം രൂപ നിർമ്മിച്ച യന്ത്രം മണിക്കൂറിൽ അഞ്ച് ടൺവരെ പോളവാരുമെന്നായിരുന്നു അവകാശവാദം. യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി ജില്ലാ പ്രസിഡന്റായിരുന്നപ്പോഴാണ് യന്ത്രം വാങ്ങിയത്. അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് അഴിമതി ആരോപണവുമായി രംഗത്തിറങ്ങിയെങ്കിലും കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നാവടഞ്ഞു.

 ചെലവ് കുറവിൽ ഈസി കളക്ട്

പോളവാരലും, ആഫ്രിക്കൻ പായൽ നീക്കലും ഈസിയാക്കുയാണ് ലക്ഷ്യം. ജില്ലാ ഭരണകൂടവും ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജും കുമരകം കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായി നടത്തിയ ചർച്ചയിലാണ് എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന പോളവാരൽ ഉപകരണം സാദ്ധ്യമായത്.

പ്രത്യേകതകൾ  6 മീറ്റർ വരെ വീതിയുള്ള തോടുകളിൽ നിന്ന് പോള നീക്കാം

 എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രൂപകല്പന

 ഉന്നത നിലവാരമുള്ള സ്റ്റീലിൽ നിർമ്മാണം

 പേറ്റന്റില്ലാത്തിനാൽ രൂപമാറ്റങ്ങൾ വരുത്തി വികസിപ്പിക്കാം

 വില 3500-5500 രൂപ

'ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി കർഷകർക്ക് പോളവാരൽ ഉപകരണം ലഭ്യമാക്കും".

- കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്