തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ കോഫീഹൗസ് പൊളിച്ചുനീക്കി,​ പ്രതികാരമെന്ന് തൊഴിലാളികൾ

Thursday 09 February 2023 12:23 AM IST

അന്തിമവിധി വരാനിരിക്കെയുള്ള പൊളിച്ചുനീക്കലിൽ വ്യാപക പ്രതിഷേധം

തൃശൂർ: മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫീഹൗസ് കെട്ടിടം പൊളിച്ചുനീക്കി മെഡിക്കൽ കോളേജ് അധികൃതർ. കോടതിവിധിയുടെ മറവിലാണ് പതിറ്റാണ്ടുകളായി കോഫി ഹൗസ് പ്രവർത്തിക്കുന്ന കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് കോഫീഹൗസ് നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളിയതിന് പിന്നാലെ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം. ദാസിന്റെ സാന്നിദ്ധ്യത്തിൽ പൊളിച്ച് മാറ്റിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് കോഫീഹൗസ് പൂട്ടിച്ചതിനെതിരെയുള്ള കേസ് ഈ മാസം 13ന് പരിഗണിക്കാനിരിക്കെയാണ് പൊളിച്ചുനീക്കൽ. കോഫി ഹൗസ് ഒഴിയണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് നൽകിയ നോട്ടീസിനെതിരെയായിരുന്നു കോഫീഹൗസ് കോടതിയലക്ഷ്യ ഹർജി നൽകിയത്. അടുത്തിടെ കോടതി നിർദ്ദേശപ്രകാരം അഡ്വക്കെറ്റ് കമ്മിഷനെത്തി കോഫീഹൗസിലെ ശുചിത്വം പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ വിധിയാണ് തിങ്കളാഴ്ച വരാനിരുന്നത്.

മുന്നറിയിപ്പില്ലാതെ കെട്ടിടം പൊളിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും കോഫീഹൗസ് അധികൃതർ പറയുന്നു. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന പാത്രങ്ങൾ, കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, അലമാരകൾ തുടങ്ങി ഒന്നും തന്നെ നീക്കം ചെയ്യാനുള്ള അവസരം പോലും നൽകാതെയാണ് കെട്ടിടം രാത്രിയിൽ പൊളിച്ചത്. ഇന്ത്യൻ കോഫീഹൗസ് ഭരണ സമിതിക്കെതിരെ സർക്കാർ നടത്തുന്ന പ്രതികാര നടപടിയാണ് കെട്ടിടം പൊളിച്ചതെന്നാണ് ആക്ഷേപം.

ഡിസംബറിൽ കെട്ടിടം ഒഴിയണമെന്ന് മെഡിക്കൽ കോളേജ് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോഫീഹൗസ് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. കോഫീഹൗസ് ജീവനക്കാരുടെ ഹർജിയിൽ അന്തിമവിധി വരാനിരിക്കെയാണ് ഇന്നലെ വൈകിട്ട് കെട്ടിടം പൊളിച്ചത്. കെട്ടിടത്തിന്റെ 75% പൊളിച്ചുവെന്ന് കോഫി ഹൗസ് അധികൃതർ പറഞ്ഞു. എഴുപതിലേറെ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

പൊലീസ് പറഞ്ഞു,​ എന്നിട്ടും...

മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ഉപകരണങ്ങളും പാത്രങ്ങളും മാറ്റാൻ സാവകാശം നൽകണമെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ജെ.സി.ബി തടഞ്ഞു. മാനുഷിക പരിഗണന നൽകണമെന്ന പൊലീസ് ആവശ്യം പോലും നിരാകരിച്ചതിനെത്തുടർന്നാണ് പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞത്. ഇതോടെ പൊളിക്കൽ പാതിവഴിയിൽ നിറുത്തി ജെ.സി.ബി മടങ്ങി. കോഫി ഹൗസ് പ്രവർത്തിക്കുന്നത് വൃത്തിഹീന സാഹചര്യത്തിലെന്ന് വിലയിരുത്തി രണ്ടാഴ്ച മുമ്പ് ലൈസൻസ് റദ്ദാക്കിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരാണ് ലൈസൻസ് റദ്ദാക്കിയത്. മതിയായ പരിശോധന നടത്താതെയാണ് ലൈസൻസ് റദ്ദാക്കിയതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഇന്ത്യൻ കോഫീഹൗസിന്റെ ഭരണം പിടിക്കാൻ സി.പി.എമ്മും സി.ഐ.ടി.യുവും ഏറെ നാളായി ശ്രമം നടത്തുകയാണ്. ഇന്ത്യൻ കോഫി ഹൗസിന്റെ ഏറ്റവും കൂടുതൽ വരുമാനമുള്ള ബ്രാഞ്ചാണ് മെഡിക്കൽ കോളേജിലേത്. ഇത് ഇല്ലാതാകുന്നതോടെ കോഫീഹൗസ് കൂടുതൽ സാമ്പത്തിക പ്രതിസന്ധിലാകും.

കെട്ടിടത്തിലെ സാധനങ്ങൾ മാറ്റാൻ അരമണിക്കൂറെങ്കിലും സമയം നൽകണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ല. അവിടെ ഉണ്ടായിരുന്ന പണം പോലും മാറ്റാൻ അനുവദിച്ചില്ല. എകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കോഫീഹൗസിന് ഉണ്ടായി. - അനിൽ കുമാർ, കോഫീഹൗസ് ഭരണ സമിതി പ്രസിഡന്റ്

ആഴ്ചകൾക്ക് മുൻപ് നോട്ടീസ് നൽകിയിട്ടും കെട്ടിടത്തിനകത്തെ സാധനങ്ങൾ മാറ്റാൻ കോഫീഹൗസ് അധികൃതർ തയ്യാറായില്ല. നിയമനുസൃത നടപടികളാണ് സ്വീകരിച്ചത്. - നിഷ എം. ദാസ്, സൂപ്രണ്ട് ഇൻ ചാർജ്