ഒാപ്പറേഷൻ ദോസ്‌ത്: തുർക്കി,സിറിയ രക്ഷാദൗത്യം വിപുലമാക്കി ഇന്ത്യ

Thursday 09 February 2023 4:52 AM IST

ന്യൂഡൽഹി: ഭൂകമ്പം തകർത്ത തുർക്കിയിലും സിറിയയിലും ഒാപ്പറേഷൻ ദോസ്‌ത് എന്ന പേരിൽ ഇന്ത്യ നടത്തുന്ന രക്ഷാ,​ ജീവകാരുണ്യ ദൗത്യം വിപുലമാക്കി കൂടുതൽ രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും അയച്ചു.

മെഡിക്കൽ ഉപകരണങ്ങളുമായി ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സി130 ഹെർക്കുലീസ് വിമാനം സിറിയയിലും ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 വിമാനം തുർക്കിയിലുമെത്തി.

ജീവൻ രക്ഷാ മരുന്ന്,​ ഗ്ളൗസ്, ഇ.സി.ജി യന്ത്രങ്ങൾ തുടങ്ങി അടിയന്തര മെഡിക്കൽ സാമഗ്രികൾ അടക്കം 6.5 ടൺ ദുരിതാശ്വാസ സഹായവുമായി ചൊവ്വാഴ്ച രാത്രിയാണ് വിമാനം സിറിയയിലേക്ക് പുറപ്പെട്ടത്. ഭൂകമ്പ പ്രദേശങ്ങളിലെ ആളുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ നൽകേണ്ട മരുന്നുകളാണ് സിറിയയിലേക്ക് കൊണ്ടുപോയത്.

54 അംഗ മെഡിക്കൽ സംഘമാണ് തുർക്കിയിലേക്ക് പോയത്.

ഇന്ത്യയിൽ നിന്നുള്ള മൂന്നാമത്തെ രക്ഷാദൗത്യ സംഘം വാരാണസിയിൽ തയ്യാറാണെന്ന് ദേശീയ ദുരന്തനിവാരണ അതോറിട്ടി ഡയറക്‌ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു.

51 രക്ഷാപ്രവർത്തകരും ഡോഗ് സ്‌ക്വാഡും നാല് വാഹനങ്ങളുമായാണ് ഇവർ പുറപ്പെടുക. വലിയ പ്രദേശത്ത് ഭൂകമ്പം ബാധിച്ചതിനാൽ കൂടുതൽ സഹായം വേണ്ടിവരുമെന്ന വിലയിരുത്തിലാണ് ദുരന്ത നിവാരണ സേന.

അഞ്ച് വനിതകൾ അടക്കം 101 രക്ഷാപ്രവർത്തകരും നാല് സ്‌നിഫർ നായ്‌ക്കളും 7 വാഹനങ്ങളുമാണ് ഇന്ത്യ ആദ്യം തുർക്കിയിൽ എത്തിച്ചത്. ഇവർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.