സബ്സിഡി ഫണ്ട് വിതരണം കടലാസിൽ: റബർ വില കീഴോട്ട് തന്നെ

Thursday 09 February 2023 12:34 AM IST

കോട്ടയം: വില കൂടുന്നതിന്റെ സൂചനകാട്ടിയ റബർ വിപണി വീണ്ടും നിലംപൊത്തി. അഞ്ചാം ഗ്രേഡ് റബറിന് വ്യാപാരി വില കിലോയ്ക്ക് 134 രൂപയും നാലാം തരത്തിന് 137 രൂപയുമായി കുറഞ്ഞു. 90 വരെ ഉയർന്ന ഒട്ടുപാൽ 83ലേയ്‌ക്കും വീണു.

കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ 25 ശതമാനം ഉയർത്തിയതിന്റെ ഗുണം വിലയിലുണ്ടാകുമെന്ന കർഷക പ്രതീക്ഷയെ തകിടം മറിക്കാൻ ടയർ കമ്പനികൾ ഒന്നിച്ചു.

സബ്സിഡി ഫണ്ടിന് 600 കോടി രൂപ ബഡ്ജറ്റിൽ നീക്കിവെച്ചെങ്കിലും താങ്ങുവില 170 രൂപയിൽ നിന്ന് ഉയർത്താത്തതിനാൽ ചെറുകിട കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. കഴിഞ്ഞ ബഡ്ജറ്റിൽ 500 കോടി നീക്കിവെച്ചിട്ടും 25,088 കർഷകർക്ക് 9.77 കോടി രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. 50,000 ബില്ലുകൾ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി തീരുമാനമാകാതെ കിടക്കുന്നുണ്ട്.

സബ്സിഡി ഫണ്ട് 600 കോടി

 ബാങ്കോക്കിൽ നാലാം ഗ്രേഡ് ഷീറ്റ് വില- 144 രൂപ

 മുമ്പ് - 155 രൂപ

 ജപ്പാനിൽ കുറഞ്ഞത്- 25 രൂപ

 ബഡ്ജറ്റിലെ സബ്സിഡി ഫണ്ട് - 600 കോടി

 കഴിഞ്ഞ ബഡ്ജറ്റിലെ സബ്സിഡി ഫണ്ട് - 500 കോടി

 ഗുണം ലഭിച്ച കർഷകർ- 25,088

 ആകെ നൽകിയ തുക- 9.77

 കെട്ടിക്കിടക്കുന്ന ബില്ലുകൾ- 50,000

'കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച കേന്ദ്ര ബജറ്റ് തീരുമാനം ആഭ്യന്തര മിക്സിംഗ് യൂണിറ്റുകളെ പുനരുജ്ജീവിപ്പിക്കും. പ്രകൃതി ദത്ത റബറിന്റെ ആവശ്യകത കൂട്ടും തൊഴിൽ മേഖല വികസിക്കും. റബർ മേഖലക്ക് ബഡ്ജറ്റ് തീരുമാനം ഗുണം ചെയ്യില്ലെന്ന ആരോപണം ശരിയല്ല".

- ഡോ. കെ.എൻ. രാഘവൻ, റബർബോർഡ് എക്സിക്യുട്ടിവ് ഡയറക്ടർ