റോഡ് വെട്ടിപ്പൊളിച്ചിട്ട് രണ്ടു വർഷം
Thursday 09 February 2023 1:37 AM IST
അമ്പലപ്പുഴ: പുന്നപ്ര പഴയ നടക്കാവ് റോഡിൽ പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം. പഴയ നടക്കാവ് റോഡിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുന്നപ്ര യു.പി സ്കൂളിന് വടക്ക് ഭാഗത്താണ് റോഡ് വെട്ടിപ്പൊളിച്ചിട്ട് രണ്ടു വർഷം കഴിയുന്നത്. റോഡ് പുനർനിർമ്മിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പൈപ്പ് സ്ഥാപിക്കാൻ വേണ്ടി വെട്ടിപ്പൊളിക്കുകയായിരുന്നു. സമീപത്തെ എൽ.പി, യു.പി സ്കൂളിലേക്ക് സൈക്കിളിൽ പോകുന്ന വിദ്യാർത്ഥികൾ ഈ ഭാഗത്ത് തെന്നി വീഴുന്നത് നിത്യസംഭവമാണ്. നിരവധി ഇരുചക്രവാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. ദേശീയപാത വികസനം നടക്കുന്നതിനാൽ ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ നടക്കാവ് റോഡിനെയാണ് ഇപ്പോൾ ഏറെ ആശ്രയിക്കുന്നത്.