നൂറിന്റെ നിറവിൽ ഹോമമന്ത്രം

Thursday 09 February 2023 12:00 AM IST

അരുവിപ്പുറം പ്രതിഷ്‌ഠാ വാർഷികത്തിന് ഇന്ന് തുടക്കം . 135- ാമത് അരുവിപ്പുറം ശിവപ്രതിഷ്ഠ വാർഷികം സമാഗതമായി. അജ്ഞതയുടെ അഗാധതയിൽ നിപതിച്ചു കിടന്ന ഒരു ജനതയെ മഹാഗുരു ഉണർത്തി ഉദ്ധരിച്ച് ജ്ഞാനത്തിന്റെ പാരമ്യത്തിലെത്തിക്കാൻ തന്റെ ആയുസും വപുസും ബലിയർപ്പിച്ച പുണ്യദിനമാണ് ശിവരാത്രി ദിനം. മറ്റുള്ളവർക്ക് അത് വെറും ഉറക്കമിളച്ച് ചെറിയ കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള ആചാരാനുഷ്ഠാനം മാത്രമായിരുന്നപ്പോൾ മഹാഗുരുവിന് അത് സോദരത്വേനവാഴുന്ന ഒരു മാതൃകാസ്ഥാനത്തിന് ശില പാകലായിരുന്നു.

മാതൃകാസ്ഥാന നിർമ്മിതി നാം വിചാരിക്കുന്നതുപോലെ എളുപ്പമല്ല. മനസിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകളെ അതായത് കാമക്രോധ ലോഭ മോഹ മദമാത്സര്യാദികളെ നിർമ്മാർജ്ജനം ചെയ്‌ത് ഉറങ്ങാതെയിരുന്ന് മംഗളമൂർത്തിയായ ശിവനെ ഉപാസിക്കുക. അങ്ങനെ തന്റെയുള്ളിൽ സാക്ഷിയായി വിരാജിക്കുന്ന മംഗളമൂർത്തിയെ സാക്ഷാത്കരിക്കുക എന്ന മഹിതലക്ഷ്യമാണത്. സാധാരണ വ്യക്തികൾക്ക് ഇപ്രകാരം ജ്ഞാനപ്രധാനമായ സാധന അനുഷ്ഠിക്കാൻ വിഘാതമായി നിൽക്കുന്നത് തമോഗുണവും രജോഗുണവുമാണ്. അതിനെ മറികടക്കാൻ വേണ്ടിയാണ് ഗുരു ഹോമമന്ത്രം രചിച്ചത്. ഹോമമന്ത്ര രചനയെക്കുറിച്ച് രണ്ടഭിപ്രായങ്ങൾ നിലവിലുണ്ട്. അതല്ല നാം മനസിലാക്കേണ്ടത്. ഈ പവിത്ര മന്ത്രജപത്തിലൂടെ നമ്മിൽ വരുത്തേണ്ട മാറ്റങ്ങളെയാണ്. ഈ മന്ത്രത്തിന്റെ പ്രത്യേകത ഒരു ദേവതയെ ഉപാസിക്കാൻ വേണ്ടിയല്ല. മറിച്ച് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ച് പോരുന്ന അദൃശ്യമായ ചൈതന്യത്തെ ഉപാസിക്കലാണ്. അതാണ് നമ്മുടെ മുൻപിൽ ജ്വലിച്ച് നിൽക്കുന്ന അഗ്നി. ഈ അഗ്നി പ്രത്യക്ഷത്തിൽ കാണുന്ന ബ്രഹ്മമാണ്. ദൈവദശകത്തിലെ ദൈവമാണ്. കണ്ണില്ലാതെ കാണുകയും കാതില്ലാതെ കേൾക്കുകയും ചെയ്യുന്ന ചിത് പുരുഷനാണ്. ഈ മന്ത്രജപത്തിലൂടെ ഒരുവൻ ഭൗതികമായി ആഗ്രഹിക്കുന്ന ഐശ്വര്യവും അഭിവൃദ്ധിയും കാര്യസിദ്ധിയും പാപനിർമ്മാർജ്ജനവും പുണ്യസമ്പാദനവും സാദ്ധ്യമാകുന്നു. ന്യായമായ ഭൗതികസുഖങ്ങളും അനുഭവിച്ച് ജ്ഞാനാർജ്ജനത്തിലൂടെ വിരക്തിവന്ന് അതും ഇതും അല്ല സച്ചിദാമൃതം എന്ന് തെളിഞ്ഞമരുവാനുള്ള അവസരം പരമഗുരു പ്രദാനം ചെയ്തിരിക്കുന്നു. കഴിഞ്ഞ നൂറുവർഷമായി ഈ മഹാമന്ത്രത്തിന് വേണ്ടത്ര പ്രാധാന്യവും പ്രചാരവും ലഭിക്കാതെ പോയി. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല. നാം നമ്മിലേക്ക് തിരിഞ്ഞ് നോക്കൂ നമ്മുടെ ബാല്യം കൗമാരം യൗവനം ഒക്കെ എവിടെ പോയ്‌മറഞ്ഞു. ഓരോ സമയത്തും നേടേണ്ടത് നേടാതെ ഇന്ദ്രിയദാസ്യത്തിൽ പെട്ടുഴലുന്നു മനസ്. ഈ മനസുണ്ടാക്കുന്ന പ്രലോഭനങ്ങൾ, അതിലൂടെ വർദ്ധിക്കുന്ന വാസനകൾ വീണ്ടും ജനന മരണങ്ങൾക്ക് കാരണമാകുന്നു എന്നറിയാതെ മനുഷ്യജന്മം നഷ്‌ടമാവുന്നു. അപൂർവങ്ങളിൽ അപൂർവമായ മനുഷ്യജന്മം ഇനിയെങ്കിലും ഉപയോഗപ്പെടുത്തണം. പരിപൂർണനായ ഒരു മഹാഗുരുവിനെയുംനമുക്ക് ലഭിച്ചു. ഈ മഹാശിവരാത്രി ആഘോഷത്തിൽ പ്രധാനമായും മഹാഗുരു രചിച്ച ദിവ്യമായ ഹോമമന്ത്രം ഒരുലക്ഷത്തിയെട്ട് ഉരു ജപിച്ച് യജ്ഞം നടത്തുകയാണ്. ഈ തപോഭൂമിയിൽ എല്ലാവരും ഒത്തുചേർന്ന് മഹിതമന്ത്രത്തിന്റെ ജപത്തിലൂടെ ഓരോരുത്തരിലും അടിഞ്ഞുകൂടിയിരിക്കുന്ന വാസനകളും പാപങ്ങളും ജ്ഞാനഗ്നിയിൽ എരിച്ചു കളയണം. കൂടാതെ നൂറുവർഷം പിന്നിടുന്ന ഈ പവിത്ര മന്ത്രത്തിന്റെ പ്രചാരണവും നടക്കണം. എല്ലാവരും മന്ത്രം മനഃപ്പാഠമാക്കി ദൈവദശകം പോലെ ദിവസവും ജപിക്കണം. അങ്ങനെ ഭഗവാന്റെ സങ്കല്പങ്ങൾക്കനുസരിച്ച് നമുക്ക് ഭഗവാൻ ശ്രീനാരായണ ഋഷിയോട് ചേർന്ന് ജീവിക്കാൻ ശ്രമിക്കാം.

ഹോമമന്ത്രം

ഓം അഗ്‌നേ തവ യത്തേജസ്‌തദ് ബ്രാഹ്മം

അതസ്‌ത്വം പ്രത്യക്ഷം ബ്രഹ്മാസി,

ത്വദീയാ ഇന്ദ്രിയാണി മനോബുദ്ധിരിതി സപ്തജിഹ്വാ :

ത്വയി വിഷയാ ഇതിസമിധോ ജുഹോമി

അഹമിത്യാജ്യം ജുഹോമി

ത്വം നഃ പ്രസീദ പ്രസീദ

ശ്രേയശ്ച പ്രേയശ്ച പ്രയശ്ച സ്വാഹാ

ഓം ശാന്തി ശാന്തി ശാന്തിഃ

..............

ലേഖകന്റെ ഫോൺ - 9400475545