സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലടിച്ച സംഭവം: 11 പേർ റിമാൻഡിൽ

Thursday 09 February 2023 1:15 AM IST

തിരുവനന്തപുരം: നഗരത്തിൽ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലടിച്ച സംഭവത്തിൽ അറസ്റ്റിലായ 11 പേരെ റിമാൻഡ് ചെയ്‌തു. വിദേശത്തുനിന്ന് 13 പവൻ മാല കടത്തിക്കൊണ്ടുവന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷമീൻ, ഇയാളുടെ സുഹൃത്തുക്കളും കൊല്ലം സ്വദേശികളുമായ അമൽഷാ,സൽമാൻ,അൽത്താഫ്,സഹൽ മുഹമ്മദ്,മുഹമ്മദ് നസീം,കോഴിക്കോട് താമരശേരി സ്വദേശികളായ രജനീഷ്, മുഹമ്മദ് ഫൈസൽ,അൻസാർ,അനീഷ്,ഫൈസൽ എന്നിവരാണ് റിമാൻഡിലുള്ളത്. സ്വർണക്കടത്തിന് പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നവരെ ഏല്പിക്കാനായി ദുബായിൽ നിന്ന് താമരശേരി സ്വദേശി ഇസ്‌മയിൽ കൊടുത്തുവിട്ട മാല കൈമാറാതെ ഷമീൻ കടന്നുകളയാൻ ശ്രമിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയത്. ആനറയറയിലെ പെട്രോൾ പമ്പിൽ വച്ച് ഒരു സംഘം തന്നെ മർദ്ദിച്ചശേഷം മാല തട്ടിയെടുത്തെന്നാണ് ഷമീൻ പൊലീസിന് നൽകിയ മൊഴി. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. മാല കണ്ടെടുത്ത ശേഷം കേസ് കസ്റ്റംസിന് കൈമാറും.

കോഴിക്കോട്ടു നിന്ന് വന്നവർ നേരത്തെയും സ്വർണക്കടത്തിൽ പങ്കാളികളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നവരെ ഏല്പിക്കാനായിരുന്നു ഇസ്‌മയിലിന്റെ നിർദ്ദേശം. മാല കൈമാറിയാൽ 5000 രൂപ നൽകാമെന്നായിരുന്നു ധാരണ. ആനയറയിലെ പമ്പിൽ വച്ച് ഒരു സംഘം തന്നെ മർദ്ദിച്ച് മാല തട്ടിക്കൊണ്ടുപോയതായി ഇസ്‌മയിലിനെ അറിയിച്ച് ഷമീൻ സുഹൃത്തുക്കൾക്കൊപ്പം കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു. മാല വാങ്ങാൻ കാത്തുനിന്ന സംഘം ഇവരെ പിന്തുടർന്ന് കഴക്കൂട്ടത്തു നിന്ന് തിരികെ ആനയറയിൽ കൊണ്ടുവരികയായിരുന്നു.