അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ: 8 പേർ കസ്റ്റഡിയിൽ; ഫോണുകളും ലാപ്ടോപ്പും പിടിച്ചെടത്തു

Thursday 09 February 2023 12:17 AM IST

കാട്ടാക്കട: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവത്തിൽപ്പെട്ട 8 പേരെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയും അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനുമായ ഫയസിന്റെ വീട്ടിൽ നിന്ന് ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും ഫോറൻസിക് പരിശോധനക്കായി പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് ഇയാളുടെ വീട്ടിലെത്തിയ പൊലീസും സൈബർ വിദഗ്ദ്ധരും രണ്ടരമണിക്കൂറോളം തെളിവെടുത്തു.

സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് തന്റെ ചിത്രം വെട്ടിയെടുത്താണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തതെന്നും ഫയസാണ് മുഖ്യ സൂത്രധാരനെന്ന് സംശയമുണ്ടെന്നും യുവതി പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. അതേസമയം കാട്ടാക്കട ഡിവൈ.എസ്.പി ഇന്നലെ യുവതിയുടെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു. യുവതിയുടെ പരാതിയിൽ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീർക്കാൻ നിർബന്ധിച്ചത് വിവാദമായിരുന്നു. ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നു കാട്ടി കാട്ടാക്കട എസ്.എച്ച്.ഒക്കെതിരെ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.

കാട്ടാക്കട എസ്.എച്ച്.ഒ പ്രതികളുമായി ചേർന്ന് കേസൊതുക്കാൻ ശ്രമിച്ചതോടെ യുവതി തിരുവനന്തപുരം റൂറൽ എസ്.പിയെ സമീപിക്കുകയായിരുന്നു. റൂറൽ എസ്.പിയുടെ നിർദ്ദേശാനുസരണമാണ് ഇന്നലെ പ്രതികളിൽ മൂന്നു പേരെ പൊലീസ് വിളിച്ചുവരുത്തിയത്. എട്ടുപേരിൽ ഒരാൾ പ്രദേശത്തെ പ്രമുഖ വ്യാപാരിയാണ്. ഇയാളുടെ സ്വാധീനമാണ് കേസൊതുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

Advertisement
Advertisement