വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ

Thursday 09 February 2023 12:18 AM IST

മലയിൻകീഴ്: വിളപ്പിൽശാല പൊന്നെടുത്താൻകുഴി അണമുഖം ബിനോയ് ഹൗസിൽ ജെ.ബിനോയിയെ (27) അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചക്കേസിലെ പ്രതികളിലൊരാളായ പെരുംകുളം കരിയംകോട് തകിടി കിഴക്കുംകര വീട്ടിൽ എസ്.വിഷ്ണുവിനെ(31) വിളപ്പിൽശാല പൊലീസ് പിടികൂടി.

ഇക്കഴിഞ്ഞ ഡിസംബർ 25ന് പ്രതികൾ ബിനോയിയെ ഫോണിലൂടെ വിളിച്ച് വരുത്തി മരത്തകിടി ഭാഗത്ത് വച്ച് ആക്രമിക്കുകയായിരുന്നു.ബിനോയിയുടെ കാറിന്റെ ബാറ്ററി കവർച്ച സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

മരത്തകിടിയിൽ സുഹൃത്തുക്കളുമായി എത്തിയ ബിനോയിയെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്ക് അടിച്ച് മാരകമായി മുറിവേൽപ്പിക്കുകയായിരുന്നു.വാളുകൊണ്ട് കഴുത്തിന് നേരെ വെട്ടിയത് ബിനോയ് കൈകൊണ്ട് തടുത്തതിനാലാണ് മരണം സംഭവിക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. വലതു കൈയിലെ വിരലുകളിലെ എല്ലുകൾക്ക് പൊട്ടിയിരുന്നു.

റൂറൽ ജില്ലാപൊലീസ് മേധാവി ഡി.ശില്പ,കാട്ടാക്കട ഡി.വൈ.എസ്.പി.എസ് അനിൽകുമാർ,വിളപ്പിൽശാല പൊലീസ് ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ആശിഷ്, എ.എസ്.ഐ ആനന്ദകുട്ടൻ,സി.പി.ഒമാരായ വിജോഷ്,ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.