വിമാനത്താവളത്തിൽ നിന്ന് അരക്കിലോ സ്വർണം പിടിക്കൂടി

Thursday 09 February 2023 1:45 AM IST

ശംഖുംമുഖം: വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച 32 ലക്ഷത്തോളം രൂപ വിലവരുന്ന അരക്കിലോ സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്തവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.തമിഴ്നാട് കടയനെല്ലൂർ സ്വദേശി കുബ്ത്തബ് മൊയതീന്റെ പക്കൽ നിന്നാണ് 570 ഗ്രാമോളം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. ഇന്നലെ രാവിലെ ദുബായിൽ നിന്നും വന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ ഇയാൾ സ്വർണം മിശ്രിത രൂപത്തിലാക്കി പാന്റിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിലും സിബ്ബിന്റെ വശത്തും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന്റെ ആദ്യ പരിശോധനയിൽ സ്വർണം കണ്ടെത്താനായില്ല. എന്നാൽ ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ തിരികെ വിളിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടത്തിയത്. പ്രതി കാരിയാറാണെന്നും മറ്റ് സംഘങ്ങളാണ് ഇതിന് പിന്നിലെന്നുമാണ് അധികൃതരുടെ നിഗമനം.