ഡൽഹി മേയർ തിരഞ്ഞെടുപ്പ് : ലഫ്. ഗവർണർക്ക് നോട്ടീസ്

Thursday 09 February 2023 2:21 AM IST

ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ലെഫ്. ഗവർണറുടെ ഓഫീസിനും പ്രോ ടേം പ്രിസൈഡിങ് ഓഫീസർ സത്യ ശർമയ്‌ക്കും സുപ്രീംകോടതി നോട്ടീസ്. ആം ആദ്മി പാർട്ടിയുടെയും, പാർട്ടിയുടെ മേയർ സ്ഥാനാ‌ർത്ഥി ഷെല്ലി ഒബ്റോയിയുടെയും ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുകയാണെന്ന് ആം ആദ്മി പാർട്ടിക്കും ഷെല്ലി ഒബ്റോയിക്കും വേണ്ടി ഹാജരായ അഡ്വ. അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. മൂന്നുതവണ തിരഞ്ഞെടുപ്പ് തീരുമാനിച്ചെങ്കിലും അലങ്കോലപ്പെട്ടു. പ്രോ ടേം പ്രിസൈഡിങ് ഓഫീസറുടെ പല നടപടികളിലും എതിർപ്പുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താൻ കഴിയില്ല. നോമിനേറ്റഡ് അംഗങ്ങളെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചത് അംഗീകരിക്കാനാകില്ല. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആം ആദ്മി പാ‌ർട്ടി സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിഷേക് സിംഗ്‌വി വ്യക്തമാക്കി. ലഫ്. ഹർജികൾ അടുത്ത തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

രണ്ടാം തവണയാണ് ഷെല്ലി ഒബ്റോയ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന ഹ‌ർജി, ഫെബ്രുവരി ആറിന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടപടികൾ അലങ്കോലമായതോടെയാണ് കോടതിയെ സമീപിച്ചത്.